ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'വാരണാസി'യുടെ ലൊക്കേഷനില്‍നിന്ന് ആവേശകരമായ വാര്‍ത്തകള്‍ പുറത്ത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മഹേഷ് ബാബുവിനും പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം വില്ലനായി വേഷമിടുന്ന പൃഥ്വിരാജ് സുകുമാരന്‍ തന്റെ സീനുകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. കഠിനമായ ശാരീരിക അധ്വാനവും വര്‍ക്കൗട്ടുകളും ആവശ്യമായ ഷെഡ്യൂളിനു ശേഷമുള്ള തന്റെ സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.
'കഠിനാധ്വാനം ചെയ്ത ഒരു ഷെഡ്യൂളിന്റെ അവസാനം, ഇഷ്ടപ്പെട്ട ആഹാരം മതിവരുവോളം കഴിച്ചു. 2027 ഏപ്രില്‍ ഏഴിന് തിയറ്ററുകളില്‍ കാണാം' എന്ന അടിക്കുറിപ്പോടെ ചെമ്മീന്‍ ബിരിയാണി കഴിക്കുന്ന ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ നിര്‍മാതാവ് കെ.എല്‍. നാരായണിനു നന്ദി പറയാനും താരം മറന്നില്ല. ആടുജീവിതത്തിനായി നടത്തിയ അവിശ്വസനീയമായ രൂപമാറ്റങ്ങള്‍ പോലെ തന്നെ, രാജമൗലി ചിത്രത്തിലെ തന്റെ കഥാപാത്രത്തിനു വേണ്ടിയും വലിയ തയാറെടുപ്പുകളാണ് പൃഥ്വി നടത്തിയത്.
ചിത്രത്തിലെ തന്റെ വില്ലന്‍ വേഷത്തെക്കുറിച്ച് പൃഥ്വി നല്‍കിയ സൂചനകള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി. 'കുംഭ' എന്നാണ് കഥാപാത്രത്തിന്റെ പേര്. ശാരീരികമായി അവശനാണെങ്കിലും ബുദ്ധിശക്തി കൊണ്ടും ക്രൂരത കൊണ്ടും അങ്ങേയറ്റം അപകടകാരിയായ ഒരാളാണ് കുംഭയെന്നും, അയാളുടെ വീല്‍ചെയര്‍ ആ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമാണെന്നും പൃഥ്വി വെളിപ്പെടുത്തി. പ്രവചനാതീതമായ നീക്കങ്ങളുള്ള വില്ലന്‍ പൃഥ്വിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരിക്കുമെന്നാണ് വിലയിരുത്തല്‍.
'സലാര്‍' എന്ന ചിത്രത്തിലെ വരദരാജ മന്നാര്‍ എന്ന വേഷത്തിനു ശേഷം തെലുങ്കില്‍ പൃഥ്വിരാജിനു വലിയ സ്വീകാര്യതയാണുള്ളത്. രാജമൗലിയുടെ സംവിധാനത്തില്‍ മഹേഷ് ബാബുവിനോട് കൊമ്പുകോര്‍ക്കുന്ന വില്ലനായി പൃഥ്വി എത്തുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയൊരു പോരാട്ടമായി മാറും. വീണ്ടും വിശ്വവിസ്മയത്തിനായി കാത്തിരിക്കുകയാണ് ആരാധകരും ചലച്ചിത്രലോകവും.