'പെദ്ധി' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Telugu

'പെദ്ധി'യിലൂടെ രാം ചരണ്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കുമെന്ന് ശിവരാജ് കുമാര്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

ആഗോളതലത്തില്‍ വലിയ ഹൈപ്പോടെ റിലീസിനൊരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'പെദ്ധി'യിലൂടെ തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ ദേശീയ അവാര്‍ഡ് സ്വന്തമാക്കുമെന്ന് കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന അദ്ദേഹം, പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കവെയാണ് തന്റെ അഭിപ്രായം പങ്കുവച്ചത്. ജൂണ്‍ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായിക പശ്ചാത്തലത്തിലുള്ള അസാധാരണ കഥയാണു പറയുന്നത്. 'പെദ്ധിക്ക് അതിശയകരമായ ഒരു കഥയുണ്ട്. ചിത്രത്തിനുവേണ്ടി രാം ചരണ്‍ നടത്തിയ ഒരുക്കങ്ങളും പ്രകടനവും അവിശ്വസനീയമാണ്. ഏകദേശം രണ്ടു വര്‍ഷത്തോളമാണ് അദ്ദേഹം ഈ വേഷത്തിനായി പൂര്‍ണമായി സമര്‍പ്പിച്ചത്. കഥാപാത്രത്തില്‍ പൂര്‍ണമായി മുഴുകിയുള്ള അദ്ദേഹത്തിന്റെ അഭിനയം തികഞ്ഞ സത്യസന്ധതയുള്ളതാണ്. രാം ചരണ്‍ ദേശീയ പുരസ്‌കാരം നേടുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.'-ശിവരാജ് കുമാര്‍ പറഞ്ഞു.

'പെദ്ധി' പ്രൊമോഷൻ പരിപാടിയിൽ രാം ചരണും ശിവരാജ് കുമാറും

ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്ന 'ഗൗര്‍ നായിഡു' എന്ന കഥാപാത്രത്തെക്കുറിച്ചും ശിവരാജ് കുമാര്‍ വാചാലനായി. ഒരു കോച്ചിന്റെ വേഷത്തോട് സാമ്യമുള്ള, ശക്തമായ കഥാപാത്രമാണിത്. പെദ്ധിയും ഗൗര്‍ നായിഡുവും തമ്മിലുള്ള വൈകാരികമായ ബന്ധവും സ്‌നേഹവും പ്രേക്ഷകരുടെ മനസുതൊടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പെദ്ധി'യിൽ ശിവരാജ്കുമാറിന്റെ ക്യാരക്ടർ പോസ്റ്റർ

സംവിധായകന്‍ ബുചി ബാബു സനയുടെ കഥപറച്ചില്‍ ശൈലിയെയും ശിവരാജ്കുമാര്‍ പ്രശംസിച്ചു. സിനിമയിലെ കായിക വിനോദങ്ങള്‍ വെറുതെ ഉള്‍പ്പെടുത്തിയതല്ലെന്നും അവ കഥയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ താരം, ചിത്രത്തിന്റെ ക്ലൈമാക്‌സ് പ്രേക്ഷകര്‍ക്ക് വലിയൊരു സര്‍പ്രൈസ് ആയിരിക്കുമെന്നും അത് തിയറ്ററില്‍ തന്നെ അനുഭവിച്ചറിയണമെന്നും ഓര്‍മിപ്പിച്ചു.

'പെദ്ധി' പ്രൊമോഷൻ പരിപാടിയിൽ ശിവരാജ് കുമാർ

ജഗപതി ബാബു ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനവും രത്‌നവേലുവിന്റെ ദൃശ്യഭംഗിയും ചിത്രത്തിന്റെ വലിയ ആകര്‍ഷണങ്ങളാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 'പെദ്ധി'യുടെ മലയാളം, തമിഴ് പതിപ്പുകള്‍ തിയറ്ററുകളില്‍ എത്തിക്കുന്നത് പ്രമുഖ വിതരണക്കാരായ തിങ്ക് സ്റ്റുഡിയോസ് ആണ്. ജാൻവി കപുർ ആണ് നായിക.