‘കൽക്കി 2898 എഡി’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ പുന:രാരംഭിക്കുമെന്ന് സംവിധായകൻ നാഗ് അശ്വിൻ. ചിത്രത്തിന്റെ ചിത്രീകരണം എന്ന് തുടങ്ങുമെന്ന കാര്യത്തിൽവ്യക്തതയില്ലെന്ന് നേരത്തെ നാഗ് അശ്വിൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ വ്യക്തത വന്നതോടെയാണ് പുതിയ അപ്ഡേറ്റ് അദ്ദേഹം പങ്കുവച്ചത്. അടുത്ത മാസം ചിത്രീകരണം ആരംഭിച്ച് 2027 പകുതിയോടെ ഷൂട്ടിങ് പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി.
‘കൽക്കി 2898 എഡി’ രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് നാഗ് അശ്വിൻ ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. മികച്ച ജനപ്രിയ ചിത്രത്തിനും മികച്ച വിനോദം സമ്മാനിക്കുന്ന ചിത്രത്തിനുമുള്ള പുരസ്കാരത്തിനൊപ്പം മികച്ച സ്പെഷ്യൽ എഫക്ട്സിനുള്ള പുരസ്കാരവും ചിത്രത്തിന് ലഭിച്ചിരുന്നു.
‘കൽക്കി’യുടെ ആദ്യ ഭാഗത്തിനായി പുതിയൊരു ലോകം തന്നെ സൃഷ്ടിക്കുന്നതിൽ അണിയറപ്രവർത്തകർ ഏറെ പരിശ്രമിച്ചിരുന്നു. ആ മേഖലയിൽ ചിത്രത്തിന് അംഗീകാരം ലഭിക്കുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്ന് നാഗ് അശ്വിൻ പറഞ്ഞു. സ്പെഷ്യൽ എഫക്ട്സിനായി ടീം നടത്തിയ സങ്കൽപ്പിക്കാനാകാത്തത്ര വലിയ അധ്വാനത്തെ അംഗീകരിച്ച് ദേശീയ പുരസ്കാരം നൽകിയത് സന്തോഷം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘കൽക്കി 2898 എഡി’യുടെ ആദ്യ ഭാഗത്തിന് കുട്ടികൾക്കിടയിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. രണ്ടാം ഭാഗത്തിനായി അവർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ചിത്രം എപ്പോൾ ആരംഭിക്കുമെന്ന് ചോദിച്ച് കുട്ടികൾ നിരന്തരം തന്നെ സമീപിക്കാറുണ്ടെന്നും നാഗ് അശ്വിൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ‘കൽക്കി 2898 എഡി രണ്ടാം ഭാഗത്തിന്റെ’ ചിത്രീകരണത്തിനായി ടീം ഒരുങ്ങുകയാണെന്ന് സംവിധായകൻ സ്ഥിരീകരിച്ചത്.
പ്രഭാസ് നിലവിൽ ‘ഫൗസി’യുടെ തിരക്കിലാണ്. അതിന് ശേഷം ‘സ്പിരിറ്റ്’ പൂർത്തിയാക്കാനും അദ്ദേഹത്തിന് സമയം ആവശ്യമാണ്. ഈ ചിത്രങ്ങളുടെ ജോലികൾക്ക് ശേഷമായിരിക്കും പ്രഭാസ് ‘കൽക്കി 2’ന്റെ സെറ്റിലെത്തുക. കഴിയുന്നത്ര വേഗത്തിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് നാഗ് അശ്വിന്റെ പദ്ധതി. എന്നാൽ പ്രധാന താരങ്ങളുടെ ഡേറ്റുകൾ ഏകോപിപ്പിക്കുന്നതടക്കമുള്ള നിരവധി പ്രായോഗിക വെല്ലുവിളികൾ അണിയറപ്രവർത്തകർക്ക് മുന്നിലുണ്ട്.
‘കൽക്കി 2898 എഡി’ ഒരു വൻ വിജയമായി മാറിയ ഫ്രാഞ്ചൈസിയായതിനാൽ രണ്ടാം ഭാഗത്തിനായി രാജ്യത്തെ വിവിധ വിഭാഗങ്ങളിലുള്ള പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘ഫൗസി’, ‘സ്പിരിറ്റ്’ എന്നീ ചിത്രങ്ങൾക്ക് ശേഷമായിരിക്കും ‘കൽക്കി 2’ എത്തുക. ഇത് ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.