ശബരിമലയുടെയും അയ്യപ്പഭക്തിയുടെയും പശ്ചാത്തലത്തിൽ രവിതേജ കേന്ദ്രകഥാപാത്രമായി എത്തിയ പുതിയ ചിത്രം 'ഇരുമുടി'ക്ക് പ്രശംസയുമായി തമിഴ് നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ. ചിത്രം മികച്ചതാണെന്നും സമൂഹത്തിനായി ഉത്തമ സന്ദേശമാണ് മുന്നോട്ടുവെക്കുന്നതെന്നും പ്രദീപ് പറഞ്ഞു.
ചിത്രത്തിന്റെ വിജയത്തിൽ അണിയറപ്രവർത്തകർക്ക് ആശംസകൾ അറിയിച്ച് എക്സിലൂടെയാണ് പ്രദീപ് തന്റെ വാക്കുകൾ പങ്കുവെച്ചത്. സംവിധായകൻ ശിവ നിർവാണ, നായകൻ രവിതേജ, സംഗീത സംവിധായകൻ ജി.വി. പ്രകാശ്, നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് എന്നിവരെ ടാഗ് ചെയ്തായിരുന്നു പ്രദീപിന്റെ കുറിപ്പ്. ഇതിനു മറുപടിയായി ശിവ നിർവാണയും ജി.വി. പ്രകാശും നന്ദി അറിയിക്കുകയും ചെയ്തു.
റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ ആഗോള തലത്തിൽ 180 കോടിയിലധികം രൂപ സമാഹരിച്ച് കുതിക്കുകയാണ് 'ഇരുമുടി'. മാസ് ആക്ഷൻ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി തികച്ചും കുടുംബബന്ധങ്ങൾക്ക് പ്രാധാന്യമുള്ള കഥാപാത്രമായാണ് രവിതേജ ചിത്രത്തിൽ എത്തുന്നത്. പിതാവും മകളും തമ്മിലുള്ള വൈകാരിക ബന്ധവും ശക്തമായ കഥാപാത്ര പശ്ചാത്തലവുമാണ് സിനിമയുടെ പ്രധാന ആകർഷണം.
പ്രിയ ഭവാനി ശങ്കർ, സായ് കുമാർ, ബേബി നക്ഷത്ര, സ്വാസിക, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.