'രാക്ക' ഷൂട്ടിങ്ങിനിടെ ദീപിക പദുകോൺ ഫോട്ടോ-അറേഞ്ച്ഡ്
Telugu

ഏഴുമാസം ​ഗർഭിണി,എന്നിട്ടും രാപകലില്ലാത്ത ആക്ഷനിൽ ദീപിക

പപ്പപ്പ ഡസ്‌ക്‌

രണ്ടാമത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുകോണിന്റെ അര്‍പ്പണബോധം കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകം. ഗര്‍ഭകാലത്തിന്റെ ഏഴാം മാസത്തിലും താരം തന്റെ പുതിയ ചിത്രമായ 'രാക്ക'യുടെ കഠിനമായ ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിങ്ങില്‍ സജീവമായി പങ്കെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

തമിഴിലെ ഹിറ്റ് മേക്കര്‍ അറ്റ്ലി സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ഫാന്റസി ആക്ഷന്‍ ചിത്രമാണ് 'രാക്ക'. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ അതീവ പ്രാധാന്യമുള്ള വേഷത്തിലാണ് ദീപിക എത്തുന്നത്. പ്രസവാവധിക്ക് പോകുന്നതിനു മുമ്പായി ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ബന്ധത്തിലാണ് താരം. ഇതിനായി രാത്രി ഷിഫ്റ്റുകളിലും കഠിനമായ സ്റ്റണ്ട് രംഗങ്ങളിലും താരം പങ്കെടുക്കുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ദീപിക പദുകോണും ഭർത്താവ് രൺവീർ സിങ്ങും

'പ്രസവാവധിക്ക് മുന്‍പ് തന്നെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ദീപികയ്ക്ക് വലിയ ദൃഢനിശ്ചയമുണ്ടായിരുന്നു. കഠിനമായ പല ആക്ഷന്‍ രംഗങ്ങളും വെല്ലുവിളികള്‍ വകവെക്കാതെ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കി. സെറ്റിലുള്ള എല്ലാവര്‍ക്കും ദീപികയുടെ ഈ ശ്രദ്ധയും സമര്‍പ്പണവും വലിയ പ്രചോദനമാണ് നല്‍കുന്നത്. അതേസമയം തന്നെ, വീട്ടിലുള്ള ഒന്നര വയസുകാരിയായ മകളുടെ കാര്യങ്ങളിലും താരം തുല്യ ശ്രദ്ധ നല്കുന്നുണ്ട്'- സംവിധായകന്‍ പറഞ്ഞു.

ദീപിക പദുക്കോൺ 'ക​ൽ​ക്കി 2898 എ​ഡി'യിൽ

ഇതാദ്യമായല്ല ദീപിക ഗര്‍ഭകാലത്ത് കഠിനമായ ഷൂട്ടിങ് ഷെഡ്യൂളുകളുടെ ഭാഗമാകുന്നത്. മുമ്പ് തന്റെ ആദ്യ ഗര്‍ഭകാലത്തും 'കല്‍ക്കി 2898 എഡി', 'സിംഗം എഗൈന്‍' എന്നീ ചിത്രങ്ങളിലെ വന്‍ ആക്ഷന്‍ രംഗങ്ങള്‍ താരം ഇതേ രീതിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. വിവാഹ ശേഷവും മാതൃത്വത്തിലേക്കുള്ള യാത്രയിലും നടിമാര്‍ക്ക് സിനിമയില്‍ തിളങ്ങാനാകുമെന്ന് തെളിയിച്ച് വലിയ മാതൃകയാവുകയാണ് ദീപിക പദുകോണ്‍. 'രാക്ക' കൂടാതെ ഷാരൂഖ് ഖാന്‍ ചിത്രമായ 'കിങ്' ആണ് ദീപികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു വമ്പന്‍ പ്രോജക്ട്.

'രാക്ക' ഫസ്റ്റ്ലുക്ക് പോസ്റ്റർ

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന 'രാക്ക', പുരാണവും സയന്‍സ് ഫിക്ഷനും സമന്വയിക്കുന്ന ദൃശ്യവിരുന്നായിരിക്കും. ലോകത്തെ ഭീഷണിപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ പോരാടുന്ന യോദ്ധാവിന്റെ കഥയാണ് ചിത്രം പറയുന്നത്. അല്ലു അര്‍ജുനും ദീപികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2027 ഡിസംബറില്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.