കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോൺ ഉണ്ടാകില്ല. മാസങ്ങൾക്കു ശേഷം, നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ദീപികയുമൊത്തുള്ള യാത്രയിൽ നിന്ന് വഴിപിരിയുകയാണെന്നും അവർ സിനിമയിൽനിന്നും സിനിമയോടും മുഴുവൻ ടീം അംഗങ്ങളോടും പ്രതിബദ്ധത പുലർത്തിയില്ലെന്നും നിർമാതാക്കൾ പറഞ്ഞു.
ജൂണിൽ, കൽക്കി 2898 എഡി രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് ദീപികയും പ്രഭാസും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, താരങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ചിത്രവുമായി മുന്നോട്ടുപോകുകയാണെന്നുമാണ് നിർമാതാക്കൾ അന്നു പ്രതികരിച്ചത്. രണ്ടു മാസത്തിനു ശേഷം, ഈ സംഭവങ്ങളെല്ലാം യാഥാർഥ്യമാണെന്നു സമ്മതിച്ചുകൊണ്ടാണ് ദീപിക ഇനി കൽക്കി 2898 എഡിയുടെ തുടർച്ചയുടെ ഭാഗമല്ലെന്ന് വൈജയന്തി മൂവീസ് ഉടമകൾ പ്രഖ്യാപിച്ചത്.
ദീപിക പദുകോൺ കൽക്കി 2 ചെയ്യുന്നില്ലെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയപ്പോൾ ഡിസംബറിൽ, ദീപികയും രൺവീർ സിങ്ങും മുംബൈയിൽ മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി നടത്തിയിരുന്നു. താരങ്ങളുടെ മകൾ ദുവയെ മാധ്യമങ്ങൾക്കു പരിചയപ്പെടുത്തി. ചടങ്ങിൽ, കൽക്കി 2-ന്റെ വിശേഷങ്ങൾ ചോദിച്ച മാധ്യമങ്ങളോട്, തന്റെ ഇപ്പോഴത്തെ മുൻഗണന മകളാണെന്നും അടുത്തൊന്നും അഭിനയത്തിലേക്കു കടക്കില്ലെന്നുമായിരുന്നു ദീപികയുടെ മറുപടി. "എന്റെ മകളെ ഞാൻ തന്നെ വളർത്തും... എന്റെ അമ്മ എന്നെ വളർത്തിയ അതേരീതിയിൽ...' താരം കൂട്ടിച്ചേർത്തു.
ഭഗവാൻ കൽക്കിയുടെ അവതാരമെന്ന് വിശ്വസിക്കപ്പടുന്ന ശിശുവിനെ ഉദരത്തിൽ പേറുന്ന സുമതിയെന്ന അമ്മയുടെ വേഷമായിരുന്നു കൽക്കി 2898 എഡി യിൽ ദീപികയ്ക്ക്. വില്ലനായ യസ്കിന്റെ പിടിയിൽ നിന്ന് സുമതി രക്ഷപ്പെടുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യാഭാഗം. ക്ലൈമാക്സിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച അശ്വത്ഥാമാ സുമതിയെ സംരക്ഷിക്കുകയും പ്രഭാസ് കർണനായി എത്തുകയും ചെയ്യുന്നു. തുടർഭാഗത്തിലും ദീപികയുടെ കഥാപാത്രം പ്രധാനമായിരിക്കും എന്ന രീതിയിലാണ് കൽക്കി അവസാനിച്ചത്. ദീപികയില്ലെന്ന് പ്രഖ്യാപിച്ചതോടെ കൽക്കി 2-ന്റെ ചിത്രീകരണം സംവിധായകൻ നാഗ് അശ്വിനും സംഘവും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.