നടിമാരുടെ വസ്ത്രധാരണരീതികളെക്കുറിച്ചു മോശം പരാമർശം നടത്തിയ തെലുങ്കു നടൻ ശിവാജിക്കെതിരേ രൂക്ഷവിമർശനം. റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രമായ ധൻഡോറയുടെ പ്രീ റിലീസ് ചടങ്ങിലാണ് നടൻ നടിമാരുടെ വസ്ത്രധാരണത്തെക്കുറിച്ച് വിചിത്ര പരാമർശങ്ങൾ അഴിച്ചുവിട്ടത്. 54കാരനായ ശിവാജി ഉപദേശ രൂപേണയാണ് പരാമർശങ്ങൾ നടത്തിയത്.
ശിവാജി നടത്തിയ പ്രസംഗത്തിൽനിന്ന്: 'നായികമാർ ശരീരത്തിന്റെ അഴകളവുകൾ പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. ദയവായി സാരിയോ ശരീരം മുഴുവനായും മറയ്ക്കുന്ന വസ്ത്രങ്ങളോ ധരിക്കുക. സൗന്ദര്യം ശരീരം മറയ്ക്കുന്ന വസ്ത്രധാരണത്തിലോ, സാരിയിലോ ആണ്; ശരീരം പ്രദർശിപ്പിക്കുന്നതിലല്ല. ആളുകൾ ഒന്നും തുറന്നു പറയില്ല. കാരണം അത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവർക്ക് തോന്നുന്നു. പക്ഷേ ഉള്ളിൽ അവർക്ക് അത് ഇഷ്ടപ്പെട്ടേക്കില്ല. ഒരു സ്ത്രീ പ്രകൃതിയെപ്പോലെയാണ്. പ്രകൃതി മനോഹരമാകുമ്പോൾ, നമ്മൾ അതിനെ ബഹുമാനിക്കുന്നു. സ്ത്രീ അമ്മയെപ്പോലെയാണ്, അവരെ എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. ഇതിഹാസ നടിമാരായ സാവിത്രി, സൗന്ദര്യ, യുവനടി രശ്മിക മന്ദാന എന്നിവരുടേത് മനോഹരമായ വസ്ത്രധാരണമാണ്. സ്വാതന്ത്ര്യം വിലപ്പെട്ടതാണ്. അത് നഷ്ടപ്പെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കി ആളുകൾ നിങ്ങളെ ബഹുമാനിക്കും. ഗ്ലാമറിന് പരിധികൾ ഉണ്ടായിരിക്കണം...'
താരത്തിനെതിരേ ആദ്യ പ്രതികരണവുമായെത്തിയത് ഗായിക ചിന്മയി ശ്രീപദയാണ് അഭിനേത്രിമാർക്കുള്ള അനാവശ്യമായ ഉപദേശമായിപ്പോയി ശിവാജിയുടേതെന്ന് ചിന്മയി പറഞ്ഞു. പ്രൊഫഷണൽ ഇടങ്ങളിൽ ശിവാജി ഇത്തരം പ്രസ്താവനകൾ നടത്തുന്നത് നിർഭാഗ്യകരമാണെന്നും ചിന്മയി കൂട്ടിച്ചേർത്തു. മിസമ്മ, സത്യഭാമ, കോർട്ട് - സ്റ്റേറ്റ് V/S എ നോബഡി എന്നീ ചിത്രങ്ങളിലൂടെയും ബിഗ് ബോസ് തെലുങ്ക്- 7ലൂടെയും പ്രശസ്തനായ താരമാണ് ശിവാജി.