മലയാളി പ്രേക്ഷകരുടെ പ്രിയതാരം ചെമ്പന്‍ വിനോദ് ജോസ് വീണ്ടുമൊരു ബിഗ് ബജറ്റ് പാന്‍-ഇന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനെ നായകനാക്കി ഹിറ്റ് മേക്കര്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന 'രാക്ക'യിലാണ് ചെമ്പന്‍ പ്രധാന കഥാപാത്രമാകുന്നത്. 'വിക്രം' എന്ന തമിഴ് ചിത്രത്തിനുശേഷം ചെമ്പന്‍ വിനോദ് പ്രധാന വേഷത്തിലെത്തുന്ന അന്യഭാഷാ ചിത്രം എന്ന പ്രത്യേകതയും 'രാക്ക'യ്ക്കുണ്ട്.
സയന്‍സ് ഫിക്ഷന്‍, ഫാന്റസി, സൂപ്പര്‍ഹീറോ ഘടകങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന ബിഗ് ബജറ്റ് എന്റര്‍ടെയ്നറില്‍ തികച്ചും പ്രാധാന്യമുള്ളൊരു കഥാപാത്രമാണ് ചെമ്പന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അല്ലു അര്‍ജുന്റെ പകുതി മനുഷ്യനും പകുതി മൃഗവുമായുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
ബോളിവുഡ് താരം ദീപിക പദുകോണ്‍ നായികയാകുന്ന ചിത്രത്തില്‍ തെന്നിന്ത്യയില്‍നിന്നും ബോളിവുഡില്‍നിന്നുമുള്ള വന്‍ താരനിരയാണ് അണിനിരക്കുന്നത്. വിജയ് സേതുപതി, ജാന്‍വി കപുര്‍, മൃണാല്‍ ഠാക്കൂര്‍, കജോള്‍ എന്നിവരുടെ പേരുകളും ചിത്രവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നുണ്ടെങ്കിലും അണിയറപ്രവര്‍ത്തകര്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വല്‍ എഫക്ടുകളാണ് ഒരുക്കുന്നത്.
അതേസമയം, അഭിനയത്തിനു പുറമെ തിരക്കഥാകൃത്തായും നിര്‍മാതാവായും മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് ചെമ്പന്‍ വിനോദ്. 'അഞ്ചക്കള്ളകോക്കാന്‍' എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ചെമ്പന്‍ വിനോദാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 'ഡിസ്‌കോ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പെ, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.