ആരാധകര്‍ കാത്തിരിക്കുകയായിരുന്നു, ബാഹുബലിയെ വീണ്ടും കാണാന്‍... ഒടുവില്‍ മഹിഷ്മതിയുടെ വീരനായ പോരാളി എത്തി. 'ബാഹുബലി: ദി എപ്പിക്' എന്ന ചിത്രത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടീസര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ക്കിടയില്‍ ആവേശം അലതല്ലുകയാണ്. ബാഹുബലിയുടെ ഇതിഹാസപോരാട്ടങ്ങള്‍ നിറഞ്ഞ പുതിയ ചിത്രം ഒക്ടോബര്‍ 31ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
'ബാഹുബലി: ദി ബിഗിനിങ്', 'ബാഹുബലി: ദി കണ്‍ക്ലൂഷന്‍' എന്നീ രണ്ട് ചിത്രങ്ങളിലെയും ഭാഗങ്ങൾ ചേർത്ത് ഒറ്റച്ചിത്രമാക്കിയതാണ് 'ബാഹുബലി: ദി എപ്പിക്'. റീമാസ്റ്റർ ചെയ്ത് ദൃശ്യമികവും ശബ്ദഭംഗിയും കൂട്ടിയതാണ് പുതിയ പതിപ്പ്. ഒപ്പം ചില സർപ്രൈസുകളുമുണ്ടാകുമെന്ന് നിർമാതാക്കൾ പറയുന്നു.
വലിയ ആവേശത്തോടെയാണ് ആരാധകര്‍ ടീസര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രഭാസ്, റാണ ദഗുബതി എന്നിവര്‍ക്കൊപ്പം അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ, രമ്യാ കൃഷ്ണന്‍, നാസര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. അർക്ക മീഡിയ വർക്സിനുവേണ്ടി ഷോബു യാർലഗഡ്ഡയും പ്രസാദ് ദേവിനേനിയും ചേർന്ന് 600കോടിയിലധികം ചെലവിട്ടാണ് രണ്ടുഭാഗങ്ങളൊരുക്കിയത്. 3200കോടിയിലധികമായിരുന്നു ആഗോളകളക്ഷൻ. ബാഹുബലി: ദി കണ്‍ക്ലൂഷന്‍ (2017), 'ഡങ്കലി'നുശേഷം ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമായി മാറി.
'ബാഹുബലി'യുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്, ജൂലായ് 10ന് ഹൈദരാബാദില്‍ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും വീണ്ടും ഒന്നിച്ചിരുന്നു. സംവിധായകന്‍ എസ്.എസ്. രാജമൗലി, സൂപ്പര്‍താരം പ്രഭാസ്, റാണ ദഗുബതി, സത്യരാജ് തുടങ്ങിയതാരങ്ങളും പങ്കെടുത്തിരുന്നു. ഒക്ടോബര്‍ 31 ന് ആഗോള റിലീസ് ആണ് ഒരുക്കിയിരിക്കുന്നത്. ഡോള്‍ബി അറ്റ്മോസും അത്യാധുനിക വിഷ്വല്‍ ഇഫക്റ്റുകളും ഉള്‍ക്കൊള്ളുന്ന ഗംഭീര കാഴ്ചയായിരിക്കും പുതിയ പതിപ്പെന്ന് അണിയറക്കാര്‍ പറയുന്നു.