എസ്.എസ്.രാജമൗലി,ആന്‍ഡ്രിയാസ് ബ്രൂക്ൽ ഫോട്ടോ-അറേഞ്ച്ഡ്
Telugu

'വാരണാസി' ടീസറിനായി ഉറക്കമൊഴിച്ചത് ഒരാഴ്ച;രാജമൗലിയെ പ്രശംസിച്ച് ആന്‍ഡ്രിയാസ് ബ്രൂക്ൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഇന്ത്യന്‍ സിനിമയുടെ ദൃശ്യമികവിനു പുതിയ മാനങ്ങള്‍ നല്‍കിയ സംവിധായകന്‍ എസ്.എസ്. രാജമൗലിയെയും അദ്ദേഹത്തിന്റെ അണിയറപ്രവര്‍ത്തകരെയും പ്രശംസിച്ച് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ വിഷ്വല്‍ കളറിസ്റ്റ് ആന്‍ഡ്രിയാസ് ബ്രൂക്ൽ. ദേശീയ സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാജമൗലിയുമായുള്ള തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന രാജമൗലിയുടെ ബിഗ് ബജറ്റ് ചിത്രമായ 'വാരണാസി'യുടെ ദൃശ്യഭംഗിക്ക് പിന്നില്‍ ആന്‍ഡ്രിയാസ് ബ്രൂക്ൽ ആണ് പ്രവര്‍ത്തിക്കുന്നത്. ചിത്രത്തിന്റെ ടീസറിനായി താനും സംഘവും ഉറക്കമില്ലാതെ ദിവസങ്ങളോളം കഠിനാധ്വാനം ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി.

ആന്‍ഡ്രിയാസ് ബ്രൂക്ൽ

എസ്.എസ്. രാജമൗലിയെപ്പോലുള്ള മികച്ച ദര്‍ശനമുള്ള സംവിധായകര്‍ ഇന്ത്യന്‍ സിനിമയുടെ വ്യാപ്തിയും കഥപറച്ചില്‍ ശൈലിയും ആഗോളതലത്തിലേക്ക് ഉയര്‍ത്തിയെന്ന് ആന്‍ഡ്രിയാസ് വ്യക്തമാക്കി. സാങ്കേതികമായി അന്താരാഷ്ട്ര സിനിമകളോട് കിടപിടിക്കുന്ന തരത്തിലാണ് ഇന്ന് ഇന്ത്യയില്‍ പ്രോജക്ടുകള്‍ ഡിസൈന്‍ ചെയ്യപ്പെടുന്നത്.

'വാരണാസി' എന്ന ചിത്രത്തിന്റെ ആദ്യ വിഷ്വലുകള്‍ ലോകത്തിന് മുന്നില്‍ എത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. പെര്‍ഫെക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന രാജമൗലിയുടെ കാഴ്ചപ്പാടിനൊപ്പം നില്‍ക്കാന്‍ ടീസര്‍ കളര്‍ ഗ്രേഡ് ചെയ്യുന്നതിനായി മാത്രം ഒരാഴ്ചയോളം ഉറക്കമില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന് ആന്‍ഡ്രിയാസ് പറഞ്ഞു.

'വാരണാസി' ടീസറിൽ മഹേഷ്ബാബു

രജനികാന്ത് ചിത്രം 'ജയിലര്‍' ഉള്‍പ്പെടെയുള്ള മുന്‍നിര ഇന്ത്യന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആന്‍ഡ്രിയാസ്, ഇന്ന് പ്രേക്ഷകര്‍ ദൃശ്യങ്ങളുടെ ക്വാളിറ്റിയില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തവരാണെന്ന് പറഞ്ഞു. ഒരേസമയം മനുഷ്യബന്ധങ്ങളുടെ ആഴവും ചരിത്രപരമായ പശ്ചാത്തലവും ഒപ്പിയെടുക്കേണ്ടി വരുന്ന സിനിമകളില്‍ കൃത്യമായ കളര്‍ ടോണ്‍ നല്‍കുന്നത് സിനിമയുടെ ആസ്വാദനത്തെ മറ്റൊരു തലത്തിലെത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.