'ആകാശംലോ ഒക താര' ടീസർ റിലീസ് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Telugu

അവൾക്ക് ആകാശം തൊടാനായി അരികെ അവൻ; ദുൽഖറിന്റെ 'ആകാശംലോ ഒക താര' ടീസർ എത്തി

പപ്പപ്പ ഡസ്‌ക്‌

തെലുങ്ക് സിനിമയിലെ പ്രമുഖ നിർമാണ കമ്പനികളായ സ്വപ്ന സിനിമയും ഗീത ആർട്സും അവതരിപ്പിക്കുന്ന ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര' യുടെ ടീസർ പുറത്തിറങ്ങി. ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾക്കും നിശ്ചയദാർഢ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ചിത്രം വൈകാരികമായ മുഹൂർത്തങ്ങളിലൂടെയാണ് കഥ പറയുന്നത്.

സമൂഹത്തിന്റെ പരിമിതികളെയും പ്രതീക്ഷകളെയും മറികടന്ന് സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ടീസർ പരിചയപ്പെടുത്തുന്നത്. മികച്ച വിദ്യാർഥിനിയായ കൽപനയുടെ ജീവിതത്തിൽ സമൂഹത്തിന്റെ പ്രതീക്ഷകൾ വലിയ വെല്ലുവിളിയാകുന്നു. എന്നാൽ അവളുടെ കഴിവുകൾ തിരിച്ചറിയുന്ന കൃഷ്ണ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചമാകുന്നു. കൽപനയുടെ സ്വപ്നങ്ങൾക്ക് കരുത്തുപകരുന്ന ഏറ്റവും വലിയ പിന്തുണക്കാരനായി കൃഷ്ണ മാറുന്നതും ടീസറിൽ കാണാം.

'ആകാശംലോ ഒക താര' പോസ്റ്ററിൽ സാത്വിക വീരവല്ലി

ഭൂമിയുടെ അതിരുകൾ കടന്ന് ആകാശത്തോളം ഉയരണമെന്ന കൽപനയുടെ ആഗ്രഹമാണ് ചിത്രത്തിന്റെ പ്രമേയത്തിന്റെ കാതൽ. ഗ്രാമീണ മേഖലകളിൽ വലിയ സ്വപ്നങ്ങൾ കാണുന്ന പെൺകുട്ടികൾക്ക് പലപ്പോഴും സമൂഹത്തിൽനിന്ന് നേരിടേണ്ടിവരുന്ന നിരുത്സാഹപ്പെടുത്തലുകളും പ്രതിബന്ധങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. വ്യക്തിപരമായ പോരാട്ടങ്ങളെയും പ്രതീക്ഷ പകരുന്ന സന്ദേശത്തെയും സമന്വയിപ്പിച്ചാണ് സംവിധായകൻ പവൻ സാദിനേനി ചിത്രം ഒരുക്കുന്നത്.

‘ആകാശംലോ ഒക താര’ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

സാധാരണ വാണിജ്യ സിനിമകളിൽ കാണുന്നതുപോലെയുള്ള നായകകേന്ദ്രീകൃതമായ രംഗങ്ങൾക്കു പകരം, വേറിട്ട അഭിനയത്തിലൂടെയാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ ശ്രദ്ധേയനാകുന്നത്. കൃഷ്ണ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയം കീഴടക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ജീവിതത്തിൽ ഇത്തരമൊരു പങ്കാളിയെ ആഗ്രഹിക്കുന്നവർക്കുപോലും കൃഷ്ണയുടെ കഥാപാത്രം പ്രിയങ്കരമാകുന്ന തരത്തിലാണ് അവതരണം.

ചിത്രത്തിലെ കൽപന എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് സാത്വിക വീരവല്ലി. ലാളിത്യവും അസാധാരണമായ സ്വപ്നങ്ങളും ഒത്തുചേരുന്ന കൽപനയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോകുന്നത്. മികച്ച പ്രകടനമാണ് സാത്വിക കാഴ്ചവയ്ക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ശ്രുതി ഹാസനും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷത്തിലെത്തുന്നുണ്ട്.

'ആകാശംലോ ഒക താര' പോസ്റ്ററിൽ ദുൽഖർ സൽമാൻ

സന്ദീപ് ഗുന്നവും രമ്യ ഗുന്നവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മികച്ച സാങ്കേതിക നിലവാരവും ടീസറിന്റെ പ്രത്യേകതയാണ്. ഗ്രാമീണ ജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളാണ് സുജിത് സാരംഗിന്റേത്. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതം ചിത്രത്തിന്റെ വൈകാരികതയ്ക്ക് കൂടുതൽ ആഴം പകരുന്നു.

ഹൃദയസ്പർശിയായ നിമിഷങ്ങളും പ്രചോദനാത്മകമായ മുഹൂർത്തങ്ങളും സ്വപ്നങ്ങൾ പിന്തുടരാനുള്ള ശക്തമായ സന്ദേശവും ഒത്തുചേരുന്ന ചിത്രമായിരിക്കും 'ആകാശംലോ ഒക താര' എന്നാണ് ടീസർ നൽകുന്ന പ്രതീക്ഷ. പതിവ് വാണിജ്യ സിനിമകളിൽനിന്ന് വ്യത്യസ്തമായി, മനസ്സിനെ സ്പർശിക്കുന്നൊരു സിനിമാനുഭവം തേടുന്ന പ്രേക്ഷകർക്ക് ചിത്രം പ്രതീക്ഷ നൽകുന്നുണ്ട്.