ആ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ആരാധകരെ ആവേശഭരിതരാക്കിയിരുന്നു! പതിറ്റാണ്ടുകള്‍ക്കുശേഷം രജനികാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്നു! ചലച്ചിത്രലോകവും ആകാംക്ഷയോടെയാണ് ആ പ്രഖ്യാപനം ഏറ്റെടുത്തത്. ചിത്രത്തിന്റെ സംവിധായകന്‍ ആരാകുമെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. രജനികാന്തിന്റെ അവസാനം പുറത്തിറങ്ങിയ 'കൂലി' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. പിന്നീട്, പലരുടെയും പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും 'തലൈവര്‍ 173' എന്ന പ്രോജക്ട് ഹിറ്റ് സംവിധായകന്‍ സുന്ദര്‍ സി യിലേക്ക് എത്തുകയായിരുന്നു. വാര്‍ത്ത പ്രചരിച്ചതോടെ, ആരാധകരും ആഘോഷത്തിലായി.
എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിനിടെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതായി. സുന്ദര്‍ പ്രോജക്ടില്‍നിന്നു പിന്മാറി! സംവിധായകന്റെ ഭാര്യയും സൂപ്പര്‍താരവുമായ ഖുഷ്ബു ആണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഔദ്യോഗികമായി പങ്കുവച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കു ള്ളില്‍ ഖുഷ്ബു തന്റെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. പിന്നീട്, സുന്ദര്‍ സി തന്നെ നേരിട്ട് എത്തുകയും പിന്മാറുന്ന തീരുമാനം തന്നെ സ്‌നേഹിക്കുന്നവരെ നേരിട്ട് അറിയിക്കുകയുമായിരുന്നു.
'ഹൃദയവേദനയോടെയാണ് ഞാന്‍ ചില പ്രധാന കാര്യങ്ങള്‍ നിങ്ങളുമായി പങ്കിടുന്നത്. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങള്‍ കാരണം, അഭിമാനകരമായ പ്രോജക്ട് തലൈവര്‍ 173-ല്‍നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചു. അത് എന്ന സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. ജീവിതത്തില്‍, സ്വപ്നങ്ങളില്‍നിന്ന് വ്യതിചലിച്ചാലും, നമുക്ക് വേണ്ടി ഒരുക്കിയ പാത പിന്തുടരേണ്ടതുണ്ട്. ഈ രണ്ട് ഐക്കണുകളുമായുള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. അവര്‍ എക്കാലവും എന്റെ പ്രിയപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങള്‍ പങ്കിട്ട നിമിഷങ്ങള്‍ ഞാന്‍ എന്നെന്നേക്കുമായി വിലമതിക്കും. അവര്‍ എന്നെ വിലമതിക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ മുന്നോട്ട് പോകുമ്പോള്‍ അവരുടെ പ്രചോദനവും അറിവും തേടുന്നത് തുടരും. എന്റെ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിക്കുക...' സുന്ദര്‍ സി കുറിച്ചു.
'നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്കും മനസിലാക്കലിനും നന്ദി. അത് എനിക്ക് ഒരു ലോകം പോലെയാണ്. നിങ്ങളോടൊപ്പമുള്ള കൂടുതല്‍ ഓര്‍മകള്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു...'എന്നു പറഞ്ഞാണ് സുന്ദര്‍ സി കുറിപ്പ് അവസാനിപ്പിക്കുന്നത്. എന്നാൽ പിന്മാറലിന്റെ കാരണം വ്യക്തമല്ല. ഈഗോക്ലാഷ് ഉൾപ്പെടെ അനവധി അഭ്യൂഹങ്ങൾ തമിഴ്മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതിനെതിരേ പരസ്യപ്രതികരണവുമായി ഖുശ്ബു വീണ്ടും രംഗത്തെത്തി. പത്രസമ്മേളനം വിളിച്ചാണ് ഖുശ്ബു മാധ്യമങ്ങളിലെ ഗോസിപ്പുകൾക്കെതിരേ തുറന്നടിച്ചത്.
'കൂലി' എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ രജനികാന്തും കമലും തങ്ങള്‍ ഒന്നിച്ചുള്ള പ്രോജക്ടിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. മണിരത്‌നത്തിന്റെ 'തഗ് ലൈഫി'ലാണ് കമല്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ പുതിയ സിനിമയുടെ തിരക്കുകളിലുമാണ്. 'തലൈവര്‍ 173' ആരു സംവിധാനം ചെയ്യുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.