'മകുടം' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Tamil

വിമർശനങ്ങളിൽ വീണുടയാതെ വിശാലിന്റെ 'മകുടം',കളക്ഷനിൽ വർധന

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴ് താരം വിശാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ് പ്രധാന വേഷത്തിലെത്തിയ 'മകുടം' തിയേറ്ററുകളില്‍ രണ്ടാം ദിനത്തില്‍ കളക്ഷനില്‍ ചെറിയ മുന്നേറ്റം രേഖപ്പെടുത്തി. ആദ്യ ദിനമായ വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് 68 ലക്ഷം രൂപ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം ശനിയാഴ്ച 80 ലക്ഷം സ്വന്തമാക്കി. മികച്ച വര്‍ധനവാണ് രണ്ടാം ദിനത്തില്‍ രേഖപ്പെടുത്തിയത്. സോഷ്യൽമീഡിയയിൽ ചിത്രത്തിനെതിരേ വൻവിമർശനവും പരിഹാസവും ഉയരുമ്പോഴാണ് ഈ വർധന.

ബോക്സ് ഓഫീസ് ട്രാക്കിങ് സൈറ്റായ സാക്‌നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം, രണ്ടു ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാകുമ്പോള്‍ 'മകുടം' ഇന്ത്യയില്‍ നിന്ന് ആകെ 1.48 കോടി രൂപ ഗ്രോസ് കളക്ഷന്‍ (നെറ്റ് കളക്ഷന്‍ 1.30 കോടി രൂപ) നേടിയിട്ടുണ്ട്. ആദ്യ ദിനം 15 ശതമാനമായിരുന്ന തിയേറ്റര്‍ ഒക്യുപന്‍സി ശനിയാഴ്ച 18.8 ശതമാനമായി ഉയര്‍ന്നു.

'മകുടം' പോസ്റ്റർ

സംവിധായകന്‍ രവി അരശുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വിശാല്‍ തന്നെ നേരിട്ട് സംവിധാനം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രമാണ് 'മകുടം'. രവി അരശിന്റേതാണ് കഥ. തമിഴ്നാട്ടിലും കര്‍ണാടകയിലുമാണ് ചിത്രത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത്.

'മകുടം' പോസ്റ്റർ

സൂര്യയുടെ 'വിശ്വനാഥ് ആന്റ് സണ്‍സ്' എന്ന ചിത്രത്തിനൊപ്പമാണ് മകുടം തിയേറ്ററുകളിലെത്തിയത്. ദുഷാര വിജയന്‍, അഞ്ജലി എന്നിവര്‍ നായികമാരായ ചിത്രത്തില്‍ ലിംഗ, കൃപാകരന്‍ എന്നീ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളായാണ് വിശാല്‍ എത്തുന്നത്. വരും ദിവസങ്ങളില്‍ കളക്ഷനില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.