വിജയ്യും തൃഷയും തമ്മിലുള്ള ഗോസിപ്പുകൾ തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് വലിയ ചർച്ചയായി തുടരുമ്പോൾ, തൃഷ നേരത്തെ നൽകിയ അഭിമുഖത്തിൽ വിജയ്യെക്കുറിച്ചു പറഞ്ഞതാണ് ഇപ്പോൾ വൻ തരംഗമായി മാറുന്നത്. വിജയ്യുടെ ഭാര്യ സംഗീത ചെങ്കൽപ്പേട്ട് കോടതിയിൽ ഹർജി നൽകിയതോടെയാണ് പഴയ ഇന്റർവ്യൂ തമിഴകത്ത് ചൂടൻവിരുന്നായത്. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ നിർമാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ റിസപ്ഷനിൽ വിജയ്യും ഭാര്യയും ഒന്നിച്ചെത്തിയതോടെ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചു.
തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ജോഡികളിലൊന്നാണ് വിജയും തൃഷയും. 2004-ൽ പുറത്തിറങ്ങിയ 'ഗില്ലി'യിലൂടെ തുടങ്ങിയ ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി തിരുപ്പാച്ചി, ആദി, കുരുവി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർ ഏറ്റെടുത്തു. ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിലൂടെയാണ് ഇരുവരും വീണ്ടും സ്ക്രീനിൽ ഒന്നിച്ചത്.
തൃഷയുടെ പഴയ അഭിമുഖത്തിൽനിന്ന്:
'വിജയ് എന്റെ കരിയറിൽ എന്നും സ്പെഷ്യൽ ആണ്. അദ്ദേഹം അങ്ങേയറ്റം അദ്ഭുതപ്പെടുത്തുന്ന വ്യക്തിയാണ്. ഗില്ലിയുടെ തുടക്കത്തിൽ അദ്ദേഹവുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. ഏറ്റവും വലിയ ഹിറ്റുകൾ എനിക്ക് സമ്മാനിച്ച സഹതാരമാണ് അദ്ദേഹം. വിജയ് സെറ്റിൽ ദേഷ്യപ്പെട്ടു ഞാൻ ഇതുവരെ കണ്ടിട്ടില്ല. വളരെ മാന്യമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. എപ്പോഴും പ്രിയപ്പെട്ടവനായി അദ്ദേഹം കൂടെയുണ്ടാകും.'
പഴയ അഭിമുഖത്തിലെ ഭാഗങ്ങളിൽനിന്നുതന്നെ, ഗില്ലി മുതൽ തൃഷയും വിജയ്യും നല്ല അടുപ്പത്തിലായിരുന്നുവെന്ന് മനസിലാക്കാമെന്ന് നെറ്റിസൺസ് പറയുന്നു.