ദ്രാവിഡമണ്ണിന്റെ പ്രിയതാരം വിജയ് ആണ് തമിഴകത്തെ വാര്‍ത്താതലക്കെട്ടുകളില്‍ നിറയെ. ഭാര്യ സംഗീതയുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ക്കിടെ, നടി തൃഷയുമൊത്ത് വിജയ് ചെന്നൈയില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തതാണ് ഏറ്റവും പുതിയ ചര്‍ച്ചയായി മാറിയത്. നിര്‍മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ വിരുന്നില്‍ തൃഷയ്ക്കൊപ്പം വിജയ് എത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാരവിഷയം.
വിജയ് യുടെ ഭാര്യ സംഗീത കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍, പേരെടുത്തു പറയാതെ തന്റെ ഭര്‍ത്താവിന് പ്രമുഖ നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. ആ നടി തൃഷയാണെന്ന് ചലച്ചിത്രലോകത്തിനും പൊതുജനങ്ങള്‍ക്കും പകല്‍പോലെ അറിയാവുന്ന വസ്തുതയുമായിരുന്നു. തൃഷയാണ് കുടുംബം തകർത്തതെന്ന വാര്‍ത്ത പ്രചരിക്കുന്നതിനിടെയിലാണ് വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ തൃഷയുടെ കൈപിടിച്ച് വിജയ് എത്തിയത്.
വിജയ് യും ഭാര്യ സംഗീത സ്വര്‍ണലിംഗവും തമ്മിലുള്ള 25 വര്‍ഷത്തെ ദാമ്പത്യം അവസാനിക്കുന്നു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചെങ്കല്‍പ്പട്ട് ഫാമിലി കോടതിയില്‍ സംഗീത വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചുകഴിഞ്ഞു. വിജയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് സംഗീത ഉന്നയിച്ചിരിക്കുന്നത്. നടന് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നും, തന്നെ മാനസികമായി പീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്തുവെന്നും ഹര്‍ജിയില്‍ പറയുന്നു. ആവശ്യമെങ്കില്‍ പ്രമുഖ നടിയെ കേസില്‍ രണ്ടാം കക്ഷിയായി ചേര്‍ക്കുമെന്നും സംഗീത വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ 10ന് ആണ് കേസ് കോടതി പരിഗണിക്കുന്നത്. അതിനിടെ സംഗീതയ്ക്ക് 250 കോടി ജീവനാംശം നൽകി കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നു എന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.
കടുത്ത ആരാധികയായി വിജയ് യുടെ ജീവിതത്തിലേക്ക് എത്തിയ യുവതിയായിരുന്നു സംഗീത. 1999 ഓഗസ്റ്റ് 25ന് ആയിരുന്നു ഇരുവരുടെയും വിവാഹം. ക്രിസ്ത്യന്‍ മതവിശ്വാസിയായ വിജയ് യും ഹിന്ദുവായ സംഗീതയും മതപരമായ ചടങ്ങുകളോടെയാണ് ഒന്നായത്. ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ടു മക്കളുമുണ്ട് ദമ്പതിമാര്‍ക്ക്. വര്‍ഷങ്ങളോളം ലൈംലൈറ്റില്‍ നിന്ന് മാറിനിന്ന സംഗീത, വിജയ് യുടെ കരിയറിലെ വലിയ കരുത്തായിരുന്നു. എന്നാല്‍ 2023 മുതല്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായും സംഗീത മക്കള്‍ക്കൊപ്പം ലണ്ടനിലേക്ക് താമസം മാറിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
വിജയ് യും തൃഷയും തമ്മിലുള്ള സൗഹൃദം തമിഴ് സിനിമയില്‍ ഏറെ പ്രശസ്തമാണ്. 'ഗില്ലി' എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ തുടങ്ങിയ ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി 'തിരുപ്പാച്ചി', 'ആദി', 'കുരുവി' തുടങ്ങിയ ചിത്രങ്ങളിലൂടെയും പിന്നീട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം 'ലിയോ'യിലൂടെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതാണ്. എന്നാല്‍ ഈ സിനിമാ സൗഹൃദത്തിന് അപ്പുറം ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പണ്ടേ സജീവമായിരുന്നു. വിജയ് യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് എതിരാളികള്‍ പോലും ഈ വിഷയം ആയുധമാക്കിയിട്ടുണ്ട്.
വിവാഹമോചന വാര്‍ത്തകള്‍ കത്തുന്നതിനിടയില്‍ തൃഷയ്ക്കൊപ്പം വിജയ് പൊതുവേദിയില്‍ എത്തിയത് സിനിമാ-രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. സംഗീത ആരോപിച്ച ആ നടി തൃഷ തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് തമിഴ്മക്കള്‍.