ലണ്ടനിൽ അജിത്തിന്റെ കാർ റേസ് കാണുന്ന വിജയ്‌യും തൃഷയും സ്ക്രീൻ​ഗ്രാബ്
Tamil

അജിത്തിന്റെ കാർ റേസ് കാണുന്നതിനിടെ അരികിലേക്ക് തൃഷ;മുഖം വെട്ടിച്ചുമാറ്റി വിജയ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും നടി തൃഷ കൃഷ്ണനും ഒരേ ഫ്രെയിമിലെത്തുന്നത് എപ്പോഴും വലിയ ചർച്ചയാകാറുണ്ട്. ഇത്തവണ ഇംഗ്ലണ്ടിലാണ് ഇരുവരും ഒരുമിച്ച് ശ്രദ്ധ നേടിയത്. സിൽവർസ്റ്റോണിൽ തമിഴ്നടൻ അജിത്ത് കുമാർ പങ്കെടുക്കുന്ന ലെ മാൻസ് കപ്പ് കാർറേസ് കാണാനാണ് വിജയ് ഇംഗ്ലണ്ടിലെത്തിയത്.

അജിത്തിന്റെ മോട്ടോർ റേസ് ഫ്ലാഗ് ഓഫ് ചെയ്തത് വിജയ് ആയിരുന്നു. എന്നാൽ അതിനുശേഷമുള്ള ഇരുവരുടെയും ചിത്രങ്ങളേക്കാൾ ശ്രദ്ധ മുഴുവൻ കവർന്നത് തൃഷയായിരുന്നു. റേസ് കാണുന്നതിനിടെ വിജയ്‌ക്കൊപ്പം തൃഷ നില്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി.

എന്നാൽ, വീഡിയോയിലെ മറ്റൊരു നിമിഷമാണ് ഇപ്പോൾ ചർച്ചയാകുന്നത്. തമിഴ്നാട് മന്ത്രി ആഥവ് അർജുനയ്ക്കൊപ്പമാണ് വിജയ് റേസ് കണ്ടുകൊണ്ടിരുന്നത്. പെട്ടെന്ന് തൃഷ ഓടിവന്ന് ഇരുവർക്കുമിടയിൽ നിന്നുകൊണ്ട് റേസിങ് ട്രാക്കിലേക്ക് ആകാംക്ഷയോടെ നോക്കുന്നു. അടുത്ത സെക്കന്റിൽ കാണുന്നത്, തൃഷ തൊട്ടടുത്തുനില്കുന്നു എന്നു തിരിച്ചറിഞ്ഞ വിജയ് മുഖം വെട്ടിച്ച് പിന്തിരിയുന്നതാണ്. അതിനുശേഷം മുഖം പൊത്തിയെന്നോണം പിന്നോട്ടുമാറുകയും ചെയ്യുന്നു.

ലണ്ടനിൽ അജിത്തിന്റെ കാർ റേസ് കാണുന്നതിനിടെ തൃഷ അടുത്തുനില്കുന്നതുകണ്ട് മുഖം മാറ്റുന്ന വിജയ്‌

ക്യാമറകളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാനാകണം വിജയ് ഇങ്ങനെ ചെയ്തത്. പക്ഷേ ഒറ്റസെക്കന്റിൽ ഇരുവരും ഒരുമിച്ച് ക്യാമറയിൽ പെടുകയും അത് സ്ക്രീൻഷോട്ടുകളായി ആരാധകർ ആഘോഷിക്കുകയും ചെയ്തു. വിജയ്‌യുടേത് ആ നിമിഷത്തെ സ്വാഭാവിക പ്രതികരണം മാത്രമായിരിക്കാമെന്നാണ് ചില ആരാധകരുടെ വിലയിരുത്തൽ. എന്നാൽ മറ്റുചിലർ വിജയ് അല്പം അസ്വസ്ഥനാകുകയോ അസഹിഷ്ണുത പ്രകടിപ്പിക്കുകയോ ചെയ്തതായാണ് വിലയിരുത്തുന്നത്. എന്നാൽ വിജയിന്റെ പ്രതികരണത്തിന് പിന്നിലെ യഥാർഥ കാരണം എന്താണെന്ന് സ്ഥിരീകരണമൊന്നുമില്ല.

ഒരു സിനിമയുടെ ചിത്രീകരണത്തിനായി തൃഷ ഇപ്പോൾ ലണ്ടനിലുണ്ടെന്നും അതിന്റെ തിരക്കിൽനിന്ന് സമയം കണ്ടെത്തിയാണ് റേസ് കാണാൻ സിൽവർസ്റ്റോണിൽ എത്തിയതെന്നുമാണ് വിവരം. തൃഷ റേസിന് എത്തുമോ എന്ന കാര്യത്തിൽ നേരത്തെ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഒടുവിൽ താരം സിൽവർസ്റ്റോണിലെത്തുകയും വിജയ്‌ക്കൊപ്പം റേസ് കാണുന്നതിനിടെ ക്യാമറകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ലണ്ടനിൽ അജിത്തിന്റെ കാർ റേസ് കാണുന്നതിനിടെ തൃഷ അടുത്തുനില്കുന്നതുകണ്ട് മുഖം മാറ്റുന്ന വിജയ്‌

വിജയ്‌ മുഖ്യമന്ത്രിയായ ശേഷം തൃഷ അദ്ദേഹത്തിന്റെ പരിപാടികളിൽ പങ്കെടുക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി വിജയ്‌യുമായി ബന്ധപ്പെട്ട നിരവധി പ്രധാന ചടങ്ങുകളിൽ തൃഷയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2026 മേയിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു. ചടങ്ങിനിടെ വിജയിന്റെ കുടുംബത്തിനൊപ്പവും താരത്തെ കണ്ടിരുന്നു. തുടർന്ന് ഓഗസ്റ്റിൽ നടന്ന തമിഴ്‌നാട് സ്വാതന്ത്ര്യദിനാഘോഷങ്ങളിലും തൃഷ പങ്കെടുത്തു.

തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യ​ദിനാഘോഷച്ചടങ്ങിൽ വിജയ്‌യും തൃഷയും

വർഷങ്ങളായി വിജയ്-തൃഷ പ്രണയബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ഓരോ അവസരവും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുമുണ്ട്. വിജയ്‌യുടെ ഭാര്യ സം​ഗീത നല്കിയ വിവാഹമോചനഹർജിയിൽ കാരണക്കാരിയായി തൃഷയുടെ പേരാണ് പറഞ്ഞുകേട്ടിരുന്നതും. സം​ഗീത ഹർജി പിൻവലിച്ചതായി അടുത്തിടെ വാർത്ത വന്നിരുന്നു. അതിനുപിന്നാലെ ഇപ്പോഴിതാ അജിത്തിന്റെ റേസിനായി വിജയ് ഇംഗ്ലണ്ടിലെത്തിയപ്പോൾ തൃഷ ഒപ്പം പ്രത്യക്ഷപ്പെട്ടതോടെ ഈ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.