തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Tamil

തമിഴ്നാട് സർക്കാരിന്റെ പരസ്യത്തിലഭിനയിക്കാൻ വിജയ്; സംവിധാനം ഗൗതം മേനോൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ സിനിമാഭിനയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച നടൻ വിജയ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. എന്നാൽ സിനിമയ്ക്കു വേണ്ടിയല്ല, തമിഴ്‌നാട് സർക്കാരിന്റെ ഒരു പരസ്യചിത്രത്തിലാണ് വിജയ് അഭിനയിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയിൽ ഇനി അഭിനയിക്കാനില്ലെന്ന നിലപാട് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സിനിമാതാരങ്ങളെ ബ്രാൻഡ് അംബാസഡർമാരായി അവതരിപ്പിക്കുന്നത് പതിവാണ്. എന്നാൽ തമിഴ്‌നാട്ടിൽ സർക്കാർ പരസ്യങ്ങൾക്ക് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിക്കൊടുക്കാൻ കഴിയുന്ന താരം വിജയ് തന്നെയാണെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായാണ് സർക്കാർ പരസ്യത്തിൽ അഭിനയിക്കാൻ വിജയ് സമ്മതിച്ചതെന്നാണ് വിവരം.

സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം സദസ്സിനൊപ്പം സെൽഫിയെടുക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയ്

സാധാരണ സർക്കാർ പരസ്യങ്ങൾക്കായി പരിമിതമായ ബജറ്റാണ് നീക്കിവയ്ക്കാറുള്ളതെങ്കിലും വിജയ് അഭിനയിക്കുന്ന ഈ പരസ്യം വൻ ബജറ്റിലും സിനിമയുടെ സാങ്കേതിക മികവോടെയും ഒരുക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പരസ്യചിത്രം സംവിധാനം ചെയ്യുമെന്നും സൂചനയുണ്ട്. പരിചയസമ്പന്നരായ സാങ്കേതിക പ്രവർത്തകരും അണിയറയിൽ അണിനിരക്കും.

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നു

പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനായി വിജയ് രണ്ട് ദിവസം മാറ്റിവച്ചതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ചിത്രീകരണം നടക്കുക. സിനിമയിൽനിന്ന് വിരമിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യ അഭിനയസംരംഭമെന്ന നിലയിൽ പരസ്യചിത്രം വലിയ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.