തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ ചര്‍ച്ചയാകുകയാണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്രിച്ചി ഈസ്റ്റ്, പെരമ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍നിന്നു മത്സരിച്ച വിജയ്‌യുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന വോട്ടെണ്ണല്‍ തിങ്കളാഴ്ച നടക്കാനിരിക്കെ, സിനിമാലോകത്തുനിന്നും രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്നും വലിയ പിന്തുണയാണ് അദ്ദേഹത്തിനു ലഭിക്കുന്നത്. ഈ നിരയിലേക്കാണ് യുവ സംഗീത സംവിധായകന്‍ സായ് അഭ്യങ്കറിന്റെ പേരും ഇപ്പോള്‍ ചേര്‍ക്കപ്പെടുന്നത്.
സൂര്യ നായകനാകുന്ന 'കറുപ്പ്' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായ സായ് അഭ്യങ്കര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തിലെ 'കറുപ്പാ കൂട വാ' എന്ന പാട്ടിനൊപ്പം അറ്റ്ലി ചിത്രം 'മെര്‍സലി'ലെ വിജയിയുടെ ദൃശ്യങ്ങള്‍ ചേര്‍ത്തുവച്ച ആരാധകരുടെ വീഡിയോ സായ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, വിജയ്‌യോടുള്ള തന്റെ ആരാധനയും അദ്ദേഹത്തിനുള്ള പിന്തുണയും വ്യക്തമാക്കുകയാണ് സായ് ഇതിലൂടെ ചെയ്തത്.
നേരത്തെ താന്‍ വിജയിയുടെ ആരാധകനാണെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കു സംഗീതം നല്‍കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും സായ് വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് യുടെ അവസാന ചിത്രമായ 'ജനനായകന്‍' റിലീസിന് തയ്യാറെടുക്കുമ്പോഴാണ് പരസ്യമായ പിന്തുണ എന്നതും ശ്രദ്ധേയമാണ്. സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രതിസന്ധികള്‍ക്കിടയിലും യുവതലമുറയിലെ കലാകാരന്മാര്‍ വിജയ്ക്ക് പിന്നില്‍ അണിനിരക്കുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
രാഘവ ലോറന്‍സ്-നിവിന്‍ പോളി ചിത്രം 'ബെന്‍സ്', ധനുഷിന്റെ 'D55', അല്ലു അര്‍ജുന്‍-അറ്റ്ലി ചിത്രം 'രാക്ക', കാര്‍ത്തിയുടെ 'മാര്‍ഷല്‍' തുടങ്ങി നിരവധി വലിയ പ്രോജക്ടുകളാണ് സായ് ചെയ്യുന്നത്. 'കറുപ്പ്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ വലിയ തരംഗമായി മാറിക്കഴിഞ്ഞു.