'ജനനായകനി'ൽ വിജയ്,'രാജാസാബി'ൽ പ്രഭാസ് സ്ക്രീൻ​ഗ്രാബ്
Tamil

ജനുവരി ഒമ്പതിന് വിജയ്‌-പ്രഭാസ് ഏറ്റുമുട്ടൽ; ആരു പിടിക്കും ബോക്സ് ഓഫീസ്?

പപ്പപ്പ ഡസ്‌ക്‌

പൊങ്കൽ മഹോത്സവത്തിന് തെന്നിന്ത്യയിൽ രണ്ടു ബ്രഹ്മാണ്ഡ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ദ് രാജാ സാബും വിജയ്‌യുടെ ജനനായകനും. രണ്ടു ചിത്രവും ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. വിജയ്‌യുടെ കരിയറിലെ അവസാനചിത്രമാണ് ജനനായകൻ. സിനിമയുടെ സാമ്പത്തികവിജയം മാത്രമല്ല വിജയ്‌യുടെ നോട്ടം, ദ്രാവിഡ മണ്ണുപിടിക്കുക എന്ന ലക്ഷ്യം വിജയ്‌ക്ക് മുന്നിലുണ്ട്. ഇരു ചിത്രങ്ങളുടെയും റിലീസ് ദിവസമായ ജനുവരി ഒമ്പതിന് ബോക്സ് ഓഫീസിൽ എന്തും സംഭവിക്കാം.

ദ് ​രാ​ജാ സാ​ബ്

പ്രഭാസ് ആരാധകർ ഏറെ കാത്തിരിക്കുന്ന രാജാസാബ് ജനുവരി ഒമ്പതിന് തിയേറ്ററുകളിൽ എത്തും. ജനുവരി എട്ടിന് ഫാൻസ് ഷോ ഉണ്ടാകും. നിർമാതാക്കൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി ആഗോളറിലീസ് ആണ് നടക്കുന്നത്. സിനിമയുടെ രണ്ടാമത്തെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങി.

പ്രഭാസിന്‍റെ ഇരട്ടവേഷവും സഞ്ജയ് ദത്തിന്‍റെ ഭയപ്പെടുത്തുന്ന ലുക്കും ആരാധകർ ഏറ്റെടുത്തിരുന്നു. ‌‌പ്രഭാസിന്‍റെ കരിയറിലെ ദൈർഘ്യമേറിയ സിനിമകളിലൊന്നാണ് ദ് രാജാ സാബ്. മാരുതിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. മലയാളം പതിപ്പും ജനുവരി 9-ന് തന്നെ റിലീസ് ചെയ്യും.

'രാജാസാബ്' ട്രെയിലറിൽ പ്രഭാസ്

ജനനായകൻ

വിജയ്‌യുടെ ജനനായകനെ സ്വീകരിക്കാൻ തമിഴ്മക്കൾ ഒരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച വിജയ്‌യുടെ അവസാനചിത്രമായിരിക്കും ജനനായകൻ. ചിത്രത്തിന്‍റെ ട്രെയിലർ സൂപ്പർ ഹിറ്റാകുകയും വൻ ചർച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്തു. ട്രെയിലറിന്‍റെ അവസാനരംഗത്തിൽ രാഷ്ട്രീയക്കാരെ വിജയ് കൂട്ടത്തോടെ തല്ലുന്ന ദൃശ്യങ്ങൾ തമിഴ്നാട്ടിലെ കപട രാഷ്ട്രീയക്കാർക്കുള്ള മുന്നറിയിപ്പായാണ് താരത്തിന്‍റെ ആരാധകരും പൊതുജനവും കാണുന്നത്. ദളപതി വെട്രി കൊണ്ടൻ ഐപിഎസ് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് വെള്ളിത്തിരയിലെത്തുന്നത്.

'ജനനായകൻ' ട്രെയിലറിൽ വിജയ്

എച്ച്. വിനോദിന്‍റെ സംവിധാനത്തിലൊരുങ്ങിയ പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വസുദേവ് മേനോൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. കേരളത്തിൽ പുലർച്ചെ ആറിന് ആദ്യ ഷോ ആരംഭിക്കും. തമിഴ്നാട്ടിൽ രാവിലെ 9ന് ആയിരിക്കും പ്രദർശനം ആരംഭിക്കുക.