തെന്നിന്ത്യൻ സൂപ്പർതാരം വിജയ്യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകൻ’ ജനുവരി 9-ന് തീയറ്ററുകളിലെത്തില്ല. സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടർന്ന് ആഗോള റിലീസ് മാറ്റിവച്ചെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു.
ചിത്രത്തിലെ ചില സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യാനും ദൃശ്യങ്ങളിൽ മാറ്റം വരുത്താനും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഇതിനെതിരേ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾ സങ്കീർണമായത്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നതിനായി പുതിയ സമിതിയെ നിയോഗിക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ഈ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായത്.
ഇന്ത്യയിലെ റിലീസ് മാറ്റിയതോടെ യുകെ, നോർത്ത് അമേരിക്ക, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രദർശനങ്ങളും റദ്ദാക്കി. തമിഴ് പതിപ്പിന് സെൻസർ ബോർഡ് അനുമതി ലഭിച്ചാൽ മാത്രമേ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ പതിപ്പുകൾക്കും പ്രദർശനാനുമതി ലഭിക്കൂ. ഇതോടെയാണ് ആഗോളതലത്തിൽ ചിത്രം പിൻവലിക്കാൻ നിർമാതാക്കൾ നിർബന്ധിതരായത്.
റിലീസ് മാറ്റിയ സാഹചര്യത്തിൽ ജനുവരി 9-ലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകുമെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. ഓൺലൈനായി ബുക്ക് ചെയ്തവർക്ക് പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും. കൗണ്ടറുകൾ വഴി ടിക്കറ്റ് എടുത്തവർക്ക് അവിടെ നിന്നു പണം കൈപ്പറ്റാം.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രിയാമണി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നത്. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.