'ജനനായകൻ' പോസ്റ്റർ കടപ്പാട്-ഐഎംഡിബി
Tamil

വിജയ് ചിത്രം 'ജനനായകന്‍' ഉടന്‍ തിയേറ്ററുകളിലേക്കില്ല; നിരാശയില്‍ ആരാധകര്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

രാഷ്ട്രീയത്തിൽ പ്രവേശിച്ച തമിഴകത്തിന്റെ സൂപ്പര്‍താരം വിജയ് യുടെ അവസാന ചിത്രമെന്ന നിലയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡചിത്രം 'ജനനായകന്‍' റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. ഏപ്രില്‍ 30ന് മുമ്പ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തില്ലെന്ന് വിതരണക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുന്നത്. കേസ് നടപടികളുമായി മുന്നോട്ടുപോകാതെ ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കനേഡിയന്‍ വിതരണക്കാരായ യോര്‍ക്ക് സിനിമയാണ് ചിത്രത്തിന്റെ റിലീസ് വൈകുമെന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും വിതരണക്കാര്‍ അറിയിച്ചു.

'ജനനായകൻ' പോസ്റ്റർ

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണ് ജനനായകന്‍. ജനുവരി 9-ന് പൊങ്കല്‍ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ത്രില്ലറാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നിര്‍വഹിച്ചത്. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ 'ദളപതി'യുടെ അവസാന ചിത്രമായതിനാല്‍ ആരാധകര്‍ വലിയ ആവേശത്തിലാണുള്ളത്. കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ജനനായകന്‍ എപ്പോള്‍ തിയറ്ററുകളിലെത്തും എന്നും ആശങ്കയിലാണ് വിജയ് ആരാധകര്‍.