ദ്രാവിഡമണ്ണിന്റെ സൂപ്പർതാരം വിജയ്യുടെ രാഷ്ട്രീയപ്രവേശനത്തിനു കളമൊരുക്കിയ അവസാന ചിത്രം 'ജനനായകൻ' വീണ്ടും പ്രതിസന്ധിയിൽ. ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കെ, സിനിമയിലെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രധാന രംഗങ്ങൾ ഓൺലൈനിൽ ചോർന്നു. വിജയ്യുടെ ഇൻട്രൊഡക്ഷൻ സീനും ടൈറ്റിൽ ക്രെഡിറ്റുകളുമാണ് വ്യാപകമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ക്ലിപ്പിൽ സിനിമയുടെ ടൈറ്റിൽ ക്രെഡിറ്റുകളും വിജയിയുടെ ഇൻട്രൊഡക്ഷൻ സീനുമാണുള്ളത്. എഡിറ്റിങ് റൂമിൽ നിന്നാണു ദൃശ്യങ്ങൾ ചോർന്നതെന്നു കരുതപ്പെടുന്നു. ഒട്ടേറെപ്പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. മുഴുവൻ ചിത്രം തന്നെ ചോർന്നതായി പലരും എക്സിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. എക്സിന് പുറമേ യൂട്യൂബ്, റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിലും ചിത്രത്തിന്റെ ഭാഗങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ടുണ്ട്.
വീഡിയോയുടെ അവസാനം ഒരാൾ ദൃശ്യങ്ങൾ പോസ് ചെയ്യുന്നത് കാണാമെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിനോട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടു. ‘ഓരോ സീനും ഒരാളുടെ സ്വപ്നമാണ്. പുറത്തിറങ്ങുന്നതിന് മുമ്പുള്ള ചോർച്ച ശരിക്കും വേദനാജനകമാണ്. ദയവായി സിനിമ പങ്കുവയ്ക്കാതെ പിന്തുണയ്ക്കുക.’’–സംവിധായകൻ എച്ച്. വിനോദ് പറഞ്ഞു.
സിനിമയുടെ ദൃശ്യങ്ങൾ ചോർന്നതിൽ നടന്മാരായ ശിവകാർത്തികേയൻ, സിബി സത്യരാജ് ഉൾപ്പെടെയുള്ളവർ പ്രതിഷേധം രേഖപ്പെടുത്തി. ലക്ഷക്കണക്കിന് രൂപയുടെ അധ്വാനവും പ്രയത്നവുമാണ് ഒരു സിനിമയ്ക്ക് പിന്നിലുള്ളതെന്നും ദൃശ്യങ്ങൾ കാണുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഏകദേശം 400-500 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിച്ചു.
ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് പല കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ഏപ്രിൽ 30-ന് മുമ്പ് ചിത്രം റിലീസ് ചെയ്യാൻ സാധ്യതയില്ലെന്ന് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിലെ രാഷ്ട്രീയ പരാമർശങ്ങൾ കാരണം സെൻസർ ബോർഡ് സിനിമ ഇലക്ഷൻ കമ്മീഷന്റെ പരിഗണനയ്ക്കു വിട്ടതാണു നിലവിലെ തടസം. ഏപ്രിൽ 23-ന് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതു ചിത്രത്തിനു തിരിച്ചടിയാകുകയും ചെയ്തു. തന്റെ അവസാന ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ വൈകിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന് പങ്കുണ്ടെന്ന് വിജയ് കഴിഞ്ഞ ദിവസം പരോക്ഷമായി ആരോപിച്ചിരുന്നു.