'തെരി'യിൽ വിജയ് ഫോട്ടോ-അറേഞ്ച്ഡ്
Tamil

'ജനനായകന്‍' കോടതിയില്‍; 'തെരി'യും പിന്‍വാങ്ങി: നിരാശയില്‍ വിജയ് ആരാധകര്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴ് സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന ദളപതി വിജയ്‌യുടെ പൊങ്കല്‍ റിലീസുകള്‍ക്കു തിരിച്ചടി. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായുള്ള അവസാന ചിത്രമെന്നു കരുതപ്പെടുന്ന 'ജനനായകന്‍' സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമപോരാട്ടത്തില്‍ കുടുങ്ങിയതിന് പിന്നാലെ, ആരാധകര്‍ക്ക് ആശ്വാസമാകേണ്ടിയിരുന്ന 'തെരി'യുടെ റീ-റിലീസും മാറ്റിവച്ചു.

ജനുവരി 15ന് പൊങ്കല്‍ റിലീസായി തിയറ്ററുകളില്‍ എത്താനിരുന്ന സൂപ്പര്‍ഹിറ്റ് ചിത്രം 'തെരി'യുടെ റീ-റിലീസ് അവസാന നിമിഷമാണ് റദ്ദാക്കിയത്. നിര്‍മാതാവ് കലൈപ്പുലി എസ്. താണുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മറ്റു പുതിയ സിനിമകളുടെ റിലീസിനെ ബാധിക്കാതിരിക്കാന്‍ നിര്‍മാതാക്കള്‍ നടത്തിയ അഭ്യര്‍ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, 'ജനനായകന്‍' റിലീസ് ചെയ്യുന്ന വേളയില്‍ തന്നെ തെരിയും എത്തിക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നും സൂചനയുണ്ട്.

'തെരി'യിൽ വിജയ്

'ജനനായകന്‍' നേരിടുന്ന പ്രതിസന്ധി തമിഴകത്തു വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിന് 'UA' സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്. സെന്‍സര്‍ ബോര്‍ഡിന്റെ അടിയന്തര ഹര്‍ജിയെത്തുടര്‍ന്നായിരുന്നു നടപടി. നിലവില്‍ സ്റ്റേ നീക്കാനായി നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ജനുവരി 19-ന് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കും. അതേസമയം, വിവാദങ്ങളോടൊന്നും ദളപതി വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

'ജനനായകൻ' ട്രെയിലറിൽ വിജയ്

ആറ്റ്‌ലി-വിജയ് കൂട്ടുകെട്ടില്‍ 2016-ല്‍ പുറത്തിറങ്ങിയ 'തെരി' വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ ഹിറ്റുകളില്‍ ഒന്നാണ്. തെരി ഇന്നും ആരാധകര്‍ക്ക് ആവേശമാണ്. സാമന്ത, എമി ജാക്‌സണ്‍ എന്നിവരാണു നായികമാര്‍. ദളപതിയുടെ രാഷ്ട്രീയ പ്രവേശനത്തിനു തൊട്ടുമുമ്പുള്ള പ്രതിസന്ധികള്‍ എങ്ങനെ പരിഹരിക്കപ്പെടുമെന്ന ആകാംക്ഷയിലാണ് തെന്നിന്ത്യന്‍ സിനിമ. 'ജനനായകന്‍' തിയറ്ററുകളില്‍ വിപ്ലവം സൃഷ്ടിക്കുമോ, അതോ കാത്തിരിപ്പ് നീളുമോ? വരും ദിവസങ്ങള്‍ വിജയ്്ക്ക് നിര്‍ണായകമാണ്.