തെന്നിന്ത്യൻ സൂപ്പർതാരം വിജയ്യുടെ, ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന രാഷ്ട്രീയ ചിത്രം 'ജനനായകൻ' മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ റിലീസിനൊരുങ്ങുന്നു. സെൻസർ ബോർഡുമായുള്ള തർക്കത്തെത്തുടർന്ന് മദ്രാസ് ഹൈക്കോടതിയിലുണ്ടായിരുന്ന കേസ് പിൻവലിച്ചതോടെയാണ് ചിത്രത്തിന്റെ പ്രദർശനത്തിനു വഴിയൊരുങ്ങിയത്.
ചിത്രത്തിന്റെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് നിർമാതാക്കൾ നൽകിയ ഹർജി പിൻവലിക്കാൻ ഹൈക്കോടതി അനുമതി നൽകി. ഇതോടെ സെൻസർ ബോർഡിനു ചിത്രം വീണ്ടും റിവ്യൂ ചെയ്യാനും സർട്ടിഫിക്കറ്റ് നൽകാനും സാധിക്കും. ചില മാറ്റങ്ങളോടെ വരും ദിവസങ്ങളിൽ തന്നെ സിനിമയ്ക്ക് സെൻസർ ക്ലിയറൻസ് ലഭിക്കുമെന്നാണ് തമിഴ് സിനിമാലോകത്തുനിന്നുള്ള റിപ്പോർട്ടുകൾ. നിലവിലെ സൂചനകൾ പ്രകാരം ഫെബ്രുവരി 19 അല്ലെങ്കിൽ 20ന് ആണ് ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിടുന്നത്. എന്നാൽ സെൻസർ നടപടികൾ വേഗത്തിലായാൽ ഈ വരുന്ന വാരന്ത്യം തന്നെ ചിത്രം തിയറ്ററുകളിൽ എത്തിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.
വിജയ് എന്ന നടനെ സംബന്ധിച്ചും തമിഴ് രാഷ്ട്രീയത്തെ സംബന്ധിച്ചും ഈ ചിത്രം വെറുമൊരു വിനോദോപാധിയല്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനു മുമ്പുള്ള വിജയ്യുടെ അവസാന സിനിമയാണിത്. അതുകൊണ്ടുതന്നെ ആരാധകർക്ക് ഇതു വൈകാരികമായ ചിത്രമാണ്. ഫെബ്രുവരി 13ന് സേലത്തു നടക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടി കോൺഫറൻസിനു തൊട്ടുപിന്നാലെ സിനിമ എത്തുന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിലേക്കുള്ള തന്റെ നയം വ്യക്തമാക്കുന്ന 'മാനിഫെസ്റ്റോ' ആയിരിക്കും സിനിമയെന്നു കരുതപ്പെടുന്നു.
ഫെബ്രുവരി അവസാനത്തോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരാൻ സാധ്യതയുള്ളതിനാൽ, അതിനു മുൻപേ സിനിമ ജനങ്ങളിലെത്തിച്ച് രാഷ്ട്രീയ മൈലേജ് നേടുക എന്നതാണ് അണിയറക്കാരുടെ ലക്ഷ്യം. സാമൂഹിക പ്രതിബദ്ധതയുള്ള, രാഷ്ട്രീയത്തിനു വലിയ പ്രാധാന്യം നൽകുന്ന ഒരു ആക്ഷൻ ഡ്രാമയായാണ് "ജനനായകൻ' ഒരുങ്ങുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന ഒരു നായകനായി വിജയ് എത്തുമ്പോൾ, അതു നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പാർട്ടിക്കു വലിയൊരു അടിത്തറയുണ്ടാക്കി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
വെള്ളിത്തിരയിൽനിന്ന് ദ്രാവിഡമണ്ണിലേക്കു ചുവടുവച്ച ഇതിഹാസ താരങ്ങളുടെ നിരയിലേക്ക് വിജയ്യും നടന്നു കയറുമോ? 'ജനനായകൻ' അതിനുള്ള ഉത്തരമാകും.