അശ്വത് മാരിമുത്തു ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Tamil

'നെഞ്ചിൽ കുടിയിരിക്കും' ദളപതി; ആ ബയോപിക് ഇങ്ങനെയായിരിക്കുമെന്ന് അശ്വത് മാരിമുത്തു

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴക രാഷ്ട്രീയത്തിന്റെ അമരത്തേക്ക് നടന്നു കയറിയ ദളപതി വിജയ്‌യുടെ ജീവിതം വെള്ളിത്തിരയില്‍ പുനര്‍ജനിച്ചാല്‍ എങ്ങനെയുണ്ടാകും? ആരാധകരുടെ ആ ചോദ്യത്തിന് കൗതുകകരമായ ഉത്തരം നല്‍കിയിരിക്കുകയാണ് തമിഴകത്തെ യുവ സംവിധായകന്‍ അശ്വത് മാരിമുത്തു. ഒരു അഭിമുഖത്തിനിടെ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ്, വിജയ്‌യുടെ ബയോപിക് എടുത്താല്‍ താന്‍ ആവിഷ്‌കരിക്കുന്ന കഥാഗതിയെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്.

വിജയ്‌യുടെ ജീവചരിത്രം വെള്ളിത്തിരയിലവതരിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ അതിന് 'നെഞ്ചില്‍ കുടിയിരിക്കും' എന്ന പേരായിരിക്കും നല്‍കുകയെന്ന് അശ്വത് പറഞ്ഞു. കോടിക്കണക്കിന് ആരാധകരെ വിജയ് അഭിസംബോധന ചെയ്യാറുള്ള അതേ പ്രിയപ്പെട്ട വാക്കുകളേക്കാൾ സിനിമയുടെ തലക്കെട്ടാകാൻ അനുയോജ്യമായ മറ്റൊന്നില്ല.

സിനിമയുടെ ആദ്യ പകുതിയില്‍ അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തിലെ കയറ്റിറക്കങ്ങളും വന്‍ വളര്‍ച്ചയും അടയാളപ്പെടുത്തുമ്പോള്‍, രാഷ്ട്രീയ പ്രവേശനമെന്ന നിര്‍ണായക തീരുമാനമായിരിക്കും ഇന്റര്‍വല്‍ ബ്ലോക്ക്. ചിത്രത്തിന്റെ രണ്ടാം പകുതി മുഴുവന്‍ ജനനായകനില്‍നിന്നും തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദവിയിലേക്കുള്ള വിജയ്‌യുടെ രാഷ്ട്രീയ യാത്രയായിരിക്കും പറയുക.

അശ്വത് മാരിമുത്തു വിജയ്‌ക്കൊപ്പം

നിലവില്‍ അത്തരമൊരു സിനിമയുടെ നിര്‍മാണം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ആശയം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകന്‍' എന്ന 69-ാം ചിത്രത്തിന് ശേഷം വിജയ് അഭിനയം നിര്‍ത്തി പൂര്‍ണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ആരാധകര്‍ക്ക് വലിയ വൈകാരിക മുഹൂര്‍ത്തമായിരുന്നു. ആ ജീവിതം ബിഗ് സ്‌ക്രീനില്‍ കാണാന്‍ തമിഴകത്തിന് ഏറെ ആഗ്രഹമുണ്ട്.

അശ്വത് മാരിമുത്തു

'ഒ മൈ കടവുളേ', 'ഡ്രാഗണ്‍' എന്നീ ഹിറ്റുകള്‍ക്ക് ശേഷം കമലഹാസന്റെ നിര്‍മാണത്തില്‍ രജനികാന്ത് നായകനാകുന്ന 'ധര്‍മന്‍' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ തിരക്കുകളിലാണ് അശ്വത് മാരിമുത്തു ഇപ്പോള്‍. അശ്വതിന്റെ ഈ വേറിട്ട കാഴ്ചപ്പാട് വിജയ് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.