തമിഴ് ചലച്ചിത്ര ഗാനരചയിതാവ് വൈരമുത്തുവിനു നേരെ തിരുപ്പൂരിൽ ചെരുപ്പേറ്. ജില്ലാ കളക്ടറേറ്റ് വളപ്പിൽ ഉദ്യോഗസ്ഥരും ആരാധകരുമൊരുക്കിയ സ്വീകരണ പരിപാടിക്കിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വൈരമുത്തുവിനു നേരെ എറിഞ്ഞ ചെരുപ്പ് ലക്ഷ്യം തെറ്റിയതിനാൽ ദേഹത്തു കൊണ്ടില്ല. മിന്നൽ വേഗത്തിലായിരുന്നു ആക്രമണം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വൈരമുത്തു തന്‍റെ വാഹനത്തിനരികിൽ നിൽക്കുമ്പോഴായിരുന്നു ആൾക്കൂട്ടത്തിനിടയിൽനിന്ന് അപ്രതീക്ഷിതമായി ചെരുപ്പേറുണ്ടായത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ തലയിൽ തട്ടിയാണ് ചെരുപ്പ് താഴെ വീണത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും സ്ഥിതിഗതികൾ ശാന്തമാക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ജയ എന്ന 45കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് മാനസികമായ അസ്വസ്ഥതകളുണ്ടെന്നും കോടതി പരിസരത്തും കളക്ടറേറ്റിലും സമാനമായ രീതിയിൽ ഇവർ മുൻപും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. ചെരുപ്പേറ് വിവാദമായെങ്കിലും സോഷ്യൽ മീഡിയയിലൂടെയുള്ള വൈരമുത്തുവിന്‍റെ ആദ്യ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു.
ദുരനുഭവത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ, താൻ പങ്കെടുത്ത ഒരു സാംസ്കാരിക പരിപാടിയുടെ വിജയത്തെക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. 'തിരുപ്പൂരിലെ എവിപി ഓഡിറ്റോറിയത്തിൽ ആയിരക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ അവരുടെ കരഘോഷങ്ങൾക്കിടയിൽ ഞാൻ എന്നെത്തന്നെ മറന്നുപോയി...' എന്നായിരുന്നു വൈരമുത്തു എക്സിൽ കുറിച്ചത്.
2018-ൽ മീ ടൂ വെളിപ്പെടുത്തലിലൂടെ ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെയുള്ളവർ വൈരമുത്തുവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ വലിയ ചർച്ചയായിരുന്നു. ഈ വിവാദങ്ങളുടെ നിഴൽ ഇപ്പോഴും അദ്ദേഹത്തിന് മേലുണ്ട്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ 'മഹാരാജ', 'കോഴിപ്പണ്ണൈ ചെല്ലദുരൈ' എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ അദ്ദേഹം സിനിമയിൽ സജീവമായി തുടരുകയാണ്.