കഴിഞ്ഞ ഏതാനും മാസങ്ങളായി നടി തൃഷയുടെ പേര് വിവിധ കാരണങ്ങളാൽ വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. പ്രത്യേകിച്ച് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിനു പിന്നാലെ തമിഴ്നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചർച്ചകളിലും തൃഷയുടെ പേര് ഉയർന്നുവന്നു. ഇപ്പോഴിതാ, എം.ജി.ആറിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ബയോപിക്കിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയായി തൃഷ അഭിനയിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വനിതാ രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ജയലളിത. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞുനിന്ന താരമായിരുന്നു അവർ. പിന്നീട് തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി ജയലളിത മാറി. ഇതിഹാസ നടനും രാഷ്ട്രീയ നേതാവുമായ എം.ജി.ആറുമായുള്ള ബന്ധവും അവരുടെ ജീവിതത്തിലെ പ്രധാന അധ്യായങ്ങളിലൊന്നായിരുന്നു.
വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നിരവധി വഴിത്തിരിവുകളുള്ള ജയലളിതയുടെ കഥാപാത്രത്തിന് എം.ജി.ആർ ബയോപിക്കിൽ ഏറെ പ്രാധാന്യമുണ്ടാകും. ഈ വെല്ലുവിളി നിറഞ്ഞ വേഷത്തിലേക്ക് തൃഷയെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. 'പുരട്ചി തലൈവർ എം.ജി.ആർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്കുള്ള എം.ജി.ആറിന്റെ ശ്രദ്ധേയമായ യാത്രയാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ജയലളിതയായി തൃഷ കൂടി ചിത്രത്തിന്റെ ഭാഗമായാൽ സിനിമയോടുള്ള പ്രേക്ഷകരുടെ ആകാംക്ഷ വർധിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, തൃഷയുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ-സിനിമാ വൃത്തങ്ങളിൽ തൃഷ വീണ്ടും ചർച്ചാവിഷയമായിരിക്കുകയാണ്.