രജനികാന്ത്,സിബി ചക്രവർത്തി ഫോട്ടോ-അറേഞ്ച്ഡ്
Tamil

83 ലുക്കുകളുമായി സംവിധായകൻ; 'തലൈവര്‍ 173'ൽ ഞെട്ടിക്കാന്‍ രജനികാന്ത്

പപ്പപ്പ റിപ്പോര്‍ട്ടര്‍

താരങ്ങളുടെ താരം രജനികാന്തും യുവ സംവിധായകന്‍ സിബി ചക്രവര്‍ത്തിയും ഒന്നിക്കുന്ന 'തലൈവര്‍ 173' എന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രജനികാന്തിനായി 83 വ്യത്യസ്ത ഗെറ്റപ്പുകളാണ് സംവിധായകന്‍ അണിയറയില്‍ ഒരുക്കുന്നത്. ഇതില്‍നിന്നു തെരഞ്ഞെടുത്ത മൂന്നു പ്രധാന ലുക്കുകള്‍ ഉടന്‍ തന്നെ രജനികാന്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് അണിയറക്കാരെ ഉദ്ധരിച്ച് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫാഷന്‍ ലോകവും തുന്നല്‍ക്കാരും പശ്ചാത്തലമാകുന്ന ഒരു ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കും ചിത്രമെന്നാണു പുറത്തുവരുന്ന സൂചനകള്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2'വിന് ശേഷമായിരിക്കും സിബി ചക്രവര്‍ത്തി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. 2027 പൊങ്കല്‍ റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

'തലൈവർ 173' പ്രഖ്യാപനവീഡിയോയിൽ നിന്ന്

കമല്‍ഹാസനും രജനികാന്തും 42 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. സിബി ചക്രവര്‍ത്തി ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഡോണ്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സിബി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ആവേശമായി മാറിയിരിക്കുകയാണ്.