ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്ത്, രാധിക ശരത്കുമാര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന 'തായ് കിഴവി' വന്‍ വിജയത്തിലേക്ക്. റിലീസിന്റെ രണ്ടാം ശനിയാഴ്ച മാത്രം 5.25 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് കളക്ഷനില്‍ 57 ശതമാനത്തിലധികം വര്‍ധനയുണ്ടായി. ഇതോടെ ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 32.50 കോടി രൂപയായി ഉയര്‍ന്നു.
ആദ്യ ആഴ്ചയില്‍തന്നെ 25 കോടി രൂപയോളം നേടിയ ചിത്രം, രണ്ടാം വാരത്തിലും മികച്ച പ്രേക്ഷക സ്വീകാര്യത നിലനിര്‍ത്തി. നിലവിലെ ട്രെന്‍ഡുകള്‍ അനുസരിച്ച്, പത്തു ദിവസം പൂര്‍ത്തിയാകുമ്പോള്‍ ചിത്രം 36 മുതല്‍ 38 കോടി രൂപ വരെ ഇന്ത്യയില്‍നിന്നു മാത്രം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറുപതു ശതമാനത്തോളം കളക്ഷന്‍ തമിഴ്‌നാട്ടില്‍നിന്നു തന്നെയാണ്.
മേഖല തിരിച്ചുള്ള കളക്ഷന്‍: തമിഴ്‌നാട്: 29.00 കോടി രൂപ,കര്‍ണാടക: 2.50 കോടി രൂപ,ഇന്ത്യയിലെ മറ്റ് ഭാഗങ്ങള്‍: 1.00 കോടി രൂപ,ആകെ: 32.50 കോടി രൂപ. മികച്ച പ്രകടനത്തോടെ ചിത്രം ഒരു 'ക്ലീന്‍ ഹിറ്റ്' എന്ന പദവിയിലേക്ക് ഇതിനോടകം എത്തിക്കഴിഞ്ഞു. ഉടന്‍ തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
70 വയസുകാരിയായ പൗനുതായി എന്ന ശക്തയായ സ്ത്രീയുടെ കഥയാണു ചിത്രം പറയുന്നത്. ഗ്രാമത്തിലെ ക്രൂരയായ പണമിടപാടുകാരിയായി ജീവിക്കുന്ന പൗനുതായിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവവികാസങ്ങളും, അതേത്തുടര്‍ന്ന് അകന്നുപോയ മക്കള്‍ തിരികെ എത്തുന്നതും, അതുണ്ടാക്കുന്ന കുടുംബത്തിലെ സംഘര്‍ഷങ്ങളുമാണു ചിത്രത്തിന്റെ കഥ. രാധിക ശരത്കുമാറിന്റെ വ്യത്യസ്തവും ശക്തവുമായ പ്രകടനമാണു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.