സ്വാസിക ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Tamil

'ബ്ലാസ്റ്റ്' വേണ്ടെന്നുവെച്ചതിൽ നിരാശയുണ്ടെന്ന് സ്വാസിക,നിരസിച്ചത് അഭിരാമിയുടെ വേഷം

പപ്പപ്പ ഡസ്‌ക്‌

'ലബ്ബർ പന്ത്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ തമിഴകത്ത് തന്‍റേതായ ഇടം കണ്ടെത്തിയ നടിയാണ് സ്വാസിക. സൂപ്പർതാരം സൂര്യ നായകനായ 'കറുപ്പ്' എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിനു ശേഷം തെന്നിന്ത്യയിൽ തിളങ്ങിനിൽക്കുകയാണ് താരം. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ സ്വഭാവമുള്ള മികച്ച കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്.

'കറുപ്പ്' സിനിമയുടെ വിജയത്തിനു പിന്നാലെ നൽകിയ അഭിമുഖത്തിൽ, താൻ വേണ്ടെന്നുവെച്ച സിനിമകളെക്കുറിച്ചും ഭാവിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചും സ്വാസിക മനസുതുറന്നു. ആക്ഷൻ കിങ് അർജുന്‍റെ ഏറ്റവും പുതിയ ആക്ഷൻ ചിത്രമായ 'ബ്ലാസ്റ്റ്' എന്ന സിനിമയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ അതു നിരസിക്കേണ്ടി വന്നുവെന്നും സ്വാസിക വെളിപ്പെടുത്തി.

സ്വാസിക

ചിത്രത്തിൽ നടി അഭിരാമി അവതരിപ്പിച്ച അമ്മ വേഷത്തിലേക്കായിരുന്നു സ്വാസികയെ ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ ആ സമയത്ത് 'കറുപ്പ്' ഉൾപ്പെടെയുള്ള മറ്റ് ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലായതിനാൽ ഡേറ്റുകൾ ഒത്തുപോയില്ലെന്ന് സ്വാസിക പറഞ്ഞു.

'ബ്ലാസ്റ്റി'ൽ അഭിരാമി

'ബ്ലാസ്റ്റിലെ വേഷം ചെയ്യാൻ എനിക്ക് സാധിച്ചില്ല. 'കറുപ്പി'ന്‍റെയും മറ്റ് പ്രോജക്ടുകളുടെയും ഷൂട്ടിങ് നടക്കുന്ന സമയത്താണ് ആ ഓഫർ വരുന്നത്. ഡേറ്റുകൾ തമ്മിൽ ഒത്തുപോകാത്തതായിരുന്നു പ്രശ്നം. എന്നാൽ ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ആ സിനിമ നഷ്ടമായതിൽ വലിയ നിരാശയുണ്ട്. അങ്ങനെയൊരു ആക്ഷൻ ചിത്രം ചെയ്യാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഭാവിയിൽ പക്കാ ആക്ഷൻ ചിത്രം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.' സ്വാസിക പറഞ്ഞു.

സ്വാസിക 'ലബ്ബർപന്തി'ന്റെ സെറ്റിൽ

ഭാവിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വേറിട്ട കഥാപാത്രങ്ങളെക്കുറിച്ചും സ്വാസിക വാചാലയായി. പുരാണ കഥാപാത്രങ്ങളോ അതല്ലെങ്കിൽ ഗ്രാമീണ ദേവതമാരുടെ വേഷങ്ങളോ ചെയ്യാൻ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. 'അടുത്തിടെ പൊള്ളാച്ചിക്ക് അടുത്തുള്ള മസാനി അമ്മൻ കോവിൽ ഞാൻ സന്ദർശിച്ചിരുന്നു. അത്തരം സ്ഥലങ്ങളും കഥകളും കാണുമ്പോൾ ഭക്തിസാന്ദ്രമായതോ ചരിത്രപരമായതോ ആയ വേഷങ്ങൾ ചെയ്യാൻ എനിക്കു പ്രചോദനം തോന്നും. തീവ്രമായ ശക്തിയും വികാരവുമുള്ള, നീതിക്കു വേണ്ടി രുദ്രതാണ്ഡവമാടുന്ന കടുത്ത ഭാവങ്ങളുള്ള കഥാപാത്രങ്ങളെ എനിക്കിഷ്ടമാണ്' സ്വാസിക കൂട്ടിച്ചേർത്തു.