തമിഴകത്തിന്റെ സൂപ്പര്‍താരമായ സൂര്യയെ നായകനാക്കി ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന 'കറുപ്പ്' എന്ന ചിത്രത്തിന്റെ റിലീസിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഇനിയും നീളും. ഏപ്രില്‍ 10-ന് റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലാണ് ആരാധകരുടെ കാത്തിരിപ്പിന് മറുപടിയുമായി ബാലാജി എത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് റിലീസ് എന്ന് ബാലാജി നേരത്തെതന്നെ സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ സിനിമയുടെ പിന്നാലെയാണെന്നും ആരാധകരുടെ നിരാശ തനിക്ക് മനസിലാകുമെന്നും ബാലാജി പറഞ്ഞു. സിനിമയുടെ നിര്‍മാതാക്കളും സംവിധായകനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പത്തു ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നും, കാത്തിരിപ്പ് വെറുതെയാകില്ലെന്നും അദ്ദേഹം സൂര്യ ആരാധകര്‍ക്ക് ഉറപ്പു നല്കി.
ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍. പ്രകാശ് ബാബുവും എസ്.ആര്‍. പ്രഭുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. തൃഷ, ഇന്ദ്രന്‍സ്, നട്ടി, അനഘ മായാ രവി, സുപ്രീത് റെഡ്ഡി, സ്വാസിക, ശിവദ തുടങ്ങിയ വന്‍ താരനിര ചിത്രത്തിലുണ്ട്.
കഴിഞ്ഞ ജൂണില്‍, സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ടീസറില്‍ സൂര്യ ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ശരവണന്‍ എന്ന അഭിഭാഷകനായും, കൈയില്‍ കൊടുവാളേന്തി അക്രമാസക്തനായ മറ്റൊരു കഥാപാത്രമായും ടീസറില്‍ സൂര്യയെ കാണാം.
ഛായാഗ്രഹണം-ജി.കെ.വിഷ്ണു, എഡിറ്റിങ്-കലൈവാണൻ, കലാസംവിധാനം-അരുൺ വെഞ്ഞാറമൂട്. ഷോഫി, സാൻഡി ടീമിന്റെ കൊറിയോഗ്രഫിയും അൻപറിവിന്റേയും വിക്രം മോറിൻ്റെയും ആക്ഷൻ കൊറിയോഗ്രാഫിയും 'കറുപ്പി'ൻ്റെ പ്രത്യേകതയാണ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിൻ്റെ ബാനറിൽ എസ്ആർ പ്രഭുവും എസ്ആർ പ്രകാശ് ബാബുവുമാണ് നിർമാണം.