കമൽഹാസൻ ചിത്രമായ 'വിക്രമി'ലെ റോളക്സ് എന്ന അതിശക്തമായ കഥാപാത്രത്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട സൂചനകളുമായി തെന്നിന്ത്യൻ താരം സൂര്യ. ഹൈദ്രാബാദിൽ നടന്ന, തന്റെ പുതിയ ചിത്രമായ 'സീനി'ന്റെ പ്രീ-റിലീസ് ഇവന്റിലാണ് സൂര്യ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വെളിപ്പെടുത്തൽ നടത്തിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' സിനിമയുടെ ക്ലൈമാക്സിലെ അതിഥി വേഷത്തിലൂടെ വലിയ തരംഗമാണ് സൂര്യയുടെ റോളക്സ് എന്ന കഥാപാത്രം സൃഷ്ടിച്ചത്. വില്ലൻ വേഷത്തിലുള്ള താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോളക്സിനെ കേന്ദ്രീകരിച്ചുള്ള പുതിയ ചിത്രം നടക്കുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്-
'റോളക്സ് സിനിമയെക്കുറിച്ച് ഞങ്ങൾ ഇപ്പോഴും സംസാരിക്കുന്നുണ്ട്. ആ പ്രോജക്ട് പുരോഗമിക്കുകയാണ്. ദയവായി ലോകേഷിനോട് എന്നെ വിളിക്കാൻ പറയൂ...നമുക്ക് ആ സിനിമ യാഥാർഥ്യമാക്കാം...' സൂര്യ പറഞ്ഞു.
തുടർന്ന്, ചിത്രത്തിൽ താൻ നായകനായിട്ടാണോ അതോ വില്ലനായിട്ടാണോ അഭിനയിക്കേണ്ടത് എന്ന രസകരമായ ചോദ്യവും താരം ആരാധകരുടെ മുന്നിൽവെച്ചു. 'നിങ്ങൾക്ക് ഞാൻ നായകനായി അഭിനയിക്കാനാണോ അതോ വില്ലനായി അഭിനയിക്കാനാണോ താല്പര്യം? വില്ലൻ തന്നെയാണ് നല്ലത്. ഞാൻ ഒത്തിരി നായകവേഷങ്ങൾ ചെയ്തു. ഇനി ഒരു വില്ലൻ വേഷം, നമുക്ക് അത് ചെയ്യാം...'- സൂര്യ കൂട്ടിച്ചേർത്തു.