പ്രമുഖ സംവിധായകനും നടനുമായ സുന്ദർ സി. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നു. ഭർത്താവിന്റെ പേരിൽ എക്സ് പ്ലാറ്റ്ഫോമിലുള്ള അക്കൗണ്ട് വ്യാജമാണെന്നും അദ്ദേഹം നിലവിൽ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സജീവമല്ലെന്നും വ്യക്തമാക്കി നടി ഖുശ്ബു സുന്ദർ രംഗത്തെത്തി.
തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഈ അക്കൗണ്ടിനെ ടാഗ് ചെയ്തതോടെയാണ് ഖുശ്ബു തിരുത്തലുമായി രംഗത്തെത്തിയത്. സുന്ദറിനു നിലവിൽ ഔദ്യോഗിക അക്കൗണ്ടുകൾ ഒന്നുമില്ലെന്നും ഉടൻ തന്നെ വെരിഫൈഡ് അക്കൗണ്ട് ആരംഭിക്കുമെന്നും ഖുശ്ബു അറിയിച്ചു. അതുവരെ വ്യാജ അക്കൗണ്ടുകളെ പിന്തുടരുകയോ അവയുമായി സംവദിക്കുകയോ ചെയ്യരുതെന്ന് ആരാധകർക്കു താരം നിർദേശം നൽകി.
ഏകദേശം മുപ്പുത വർഷത്തോളം ചലച്ചിത്രലോകത്തു തിളങ്ങിനിന്ന സുന്ദർ സി നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ജനവിധി തേടുകയാണ്. മധുര സെൻട്രൽ മണ്ഡലത്തിൽ പുതിയ നീതി കക്ഷി (പിഎൻകെ) സ്ഥാനാർഥിയായാണ് സുന്ദർ. എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായതിനാൽ 'രണ്ടില' ചിഹ്നത്തിലാണ് സുന്ദർ വോട്ടു തേടുന്നത്.