Tamil

'മണ്ടാടി' സംവിധായകന്റെ വർണവിവേചനപരാമർശം; പ്രേക്ഷകർക്കുള്ള കുറിപ്പുമായി സുഹാസ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

‘മണ്ടാടി’ വിജയാഘോഷ വേദിയിൽ സംവിധായകൻ മതി മാരൻ പുകഴേന്തി നടത്തിയ പരാമർശങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ ഒടുവിൽ പ്രതികരിച്ച് നടൻ സുഹാസ്. തൊലിയുടെ നിറം മൂലം സുഹാസിന് തെലുങ്കിൽ വിവേചനം നേരിടേണ്ടിവന്നുവെന്നും എന്നാൽ, തമിഴ്പ്രേക്ഷകർ സുഹാസിനെ സ്വീകരിച്ചുവെന്നുമുള്ള സംവിധായകന്റെ പരാമർശങ്ങൾ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.

തൊട്ടുപിന്നാലെ സുഹാസ് മൗനം പാലിക്കുന്നതിൽ ടോളിവുഡിൽ മുറുമുറുപ്പ് ഉയരുകയും തെലുങ്ക് മാധ്യമങ്ങൾ നടനെതിരേ രം​ഗത്തുവരികയും ചെയ്തു. ഇതിനുപിന്നാലെയാണ് തന്റെ കരിയറിന് കരുത്തായ പ്രേക്ഷക പിന്തുണയെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് സുഹാസ് സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്. പരാമർശം വിവാ​ദമായതോടെ മാരൻ പുകഴേന്തി തെലുങ്ക് സിനിമാലോകത്തോടും പ്രേക്ഷകരോടും ഖേദം പ്രകടിപ്പിച്ചിരുന്നു.

യൂട്യൂബിൽ ഷോർട്ട് ഫിലിമുകൾ ഒരുക്കുന്നതിൽ നിന്ന് തുടങ്ങി ക്യാരക്ടർ ആർട്ടിസ്റ്റായും പിന്നീട് നായകനായും മാറിയ തന്റെ യാത്ര സുഹാസ് ഓർത്തെടുത്തു. പ്രേക്ഷകരുടെ നിരന്തരമായ പിന്തുണയും തന്നിലുള്ള വിശ്വാസവുമാണ് തന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചതെന്ന് താരം പറഞ്ഞു.

വിവാദത്തിലേക്ക് നേരിട്ട് കടക്കാതെയും തെലുങ്ക്, തമിഴ് പ്രേക്ഷകരെ താരതമ്യം ചെയ്യാതെയുമാണ് സുഹാസ് പ്രതികരിച്ചത്. തന്റെ പ്രകടനങ്ങളിലൂടെയാണ് ആളുകൾ തന്നെ സ്വീകരിച്ചതെന്ന് താരം വ്യക്തമാക്കി. തുടക്കം മുതൽ പിന്തുണച്ച എല്ലാവരോടും വിവിധ സിനിമാ മേഖലകളിൽ അവസരങ്ങൾ ലഭിക്കാൻ സഹായിച്ചവരോടും സുഹാസ് നന്ദി അറിയിച്ചു.

'മണ്ടാടി' ഷൂട്ടിങ്ങിനിടെ സുഹാസും മതിമാരൻ പുകഴേന്തിയും

കരിയറിന്റെ ആദ്യകാലത്ത് ലഭിച്ച അംഗീകാരമാണ് പിന്നീട് ‘മണ്ടാടി’ പോലുള്ള വലിയ അവസരങ്ങളിലേക്കുള്ള വാതിൽ തുറന്നതെന്നും താരം ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലെ പ്രേക്ഷകർ ചിത്രത്തിനും തന്റെ കഥാപാത്രത്തിനും നൽകിയ പിന്തുണയ്ക്കും സുഹാസ് നന്ദി പറഞ്ഞു. പ്രേക്ഷകർ തനിക്ക് നൽകിയ വിശ്വാസത്തിനും സ്നേഹത്തിനും ഒത്തുനിൽക്കുന്ന തരത്തിൽ ഇനിയും കഠിനാധ്വാനം ചെയ്യുമെന്നും പറഞ്ഞാണ് താരം സന്ദേശം അവസാനിപ്പിച്ചത്. വിവാദത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നതിനുപകരം തന്റെ സിനിമാ യാത്രയിലേക്കും തന്നെ പിന്തുണച്ച പ്രേക്ഷകരിലേക്കുമാണ് സുഹാസിന്റെ പ്രതികരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

'മണ്ടാടി'യിൽ സുഹാസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

സുഹാസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

യൂട്യൂബിൽ ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചിരുന്ന എന്റെ ആദ്യകാലം മുതൽ, ഒരു സ്വഭാവനടനാകുന്നതിലും ഒടുവിൽ ഒരു പ്രധാന നടനാകുന്നതിലും നിങ്ങൾ എന്നെ ഓരോ ഘട്ടത്തിലും പിന്തുണച്ചിട്ടുണ്ട്. ഞാൻ ഇന്ന് എന്തായിരിക്കുന്നുവോ അത് നിങ്ങളുടെ സ്‌നേഹവും പ്രോത്സാഹനവും എന്നിലുള്ള വിശ്വാസവും കൊണ്ടാണ്. ആ അംഗീകാരമാണ് എനിക്ക് മുന്നിൽ പുതിയ വഴികൾ തുറന്നുതന്നത്, 'മണ്ടാടി'യുടെ ഭാഗമാകാനുള്ള അവസരം ഉൾപ്പെടെ.

മതിമാരൻ പുകഴേന്തി 'മണ്ടാടി'യിലെ നായകൻ സൂരിക്കും സുഹാസിനുമൊപ്പം

മറ്റൊന്നും നോക്കാതെ എന്റെ ജോലിയെ പ്രതി നിങ്ങൾ എന്നെ സ്വീകരിച്ചു. എന്റെ ഈ യാത്ര തന്നെ അതിനൊരു തെളിവാണ്. എനിക്ക് തുടക്കം കുറിച്ചു തന്നവരെയും, ഈ ഘട്ടം വരെ എത്തുവാൻ എനിക്ക് പ്രോത്സാഹനം നൽകിയവരെയും ഞാൻ എന്നും ഓർക്കും. എന്റെ അഭിനയത്തിലൂടെ നിങ്ങളുടെ വിശ്വാസത്തെ കാത്തുസൂക്ഷിക്കാൻ ഞാൻ തുടർന്നും കഠിനാധ്വാനം ചെയ്യും.

'മണ്ടാടി'ക്കും എന്റെ കഥാപാത്രത്തിനും നിങ്ങൾ നൽകിയ സ്‌നേഹത്തിന് വിവിധ സംസ്ഥാനങ്ങളിലുള്ള എന്റെ എല്ലാ പ്രേക്ഷകർക്കും കാഴ്ച്ചക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

സ്നേഹത്തോടും നന്ദിയോടും കൂടെ,

സുഹാസ്