സാമന്ത വിജയ്‌യ്ക്കൊപ്പം ഫോട്ടോകടപ്പാട്-ഇൻസ്റ്റ​ഗ്രാം
Tamil

'വിജയ്‌യുടെ രാഷ്ട്രീയപ്രവേശം പ്രചോദനം': തന്റെ 'ലക്കി ചാമി'നെക്കുറിച്ച് സാമന്ത

പപ്പപ്പ റിപ്പോര്‍ട്ടര്‍

സിനിമാ ജീവിതത്തിന്റെ ഉന്നതയില്‍ നില്‍ക്കുമ്പോള്‍ എല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യെ വാനോളം പുകഴ്ത്തി നടി സാമന്ത റൂത്ത് പ്രഭു. 'സെലിബ്രിറ്റി മാസ്റ്റര്‍ഷെഫ് തമിഴ്' റിയാലിറ്റി ഷോയുടെ പുതിയ എപ്പിസോഡിലാണ് വിജയ്ക്കൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹത്തോടുള്ള ആരാധനയും സാമന്ത തുറന്നുപറഞ്ഞത്. തമിഴ് സൂപ്പര്‍താരത്തെ തന്റെ 'ലക്കി ചാം' എന്നാണ് നടി വിശേഷിപ്പിച്ചത്.

ഷോയിലെ 'ഹീറോ വേഴ്‌സസ് വില്ലന്‍' ടാസ്‌കിനിടയില്‍ ആര്‍.ജെ.വിജയ്, സാമന്തയോട് അവരുടെ പ്രിയപ്പെട്ട നടനെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം മനസുതുറന്നത്. താന്‍ വിജയ്ക്കൊപ്പം ചെയ്ത മൂന്ന് സിനിമകളും വന്‍ വിജയങ്ങളായിരുന്നുവെന്ന് സാമന്ത ഓര്‍ത്തെടുത്തു. വിജയ് നായകനായ 'കത്തി' (2014), 'തെരി' (2016), 'മെര്‍സല്‍' (2017) എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചതിനെക്കുറിച്ച് പറഞ്ഞ സാമന്ത, ഈ സിനിമകളെല്ലാം ബോക്‌സോഫീസില്‍ കോടികള്‍ വാരിയെന്നും പറഞ്ഞു.

മുഖ്യമന്ത്രിയായശേഷം വിജയ്‌യെ സാമന്ത സന്ദർശിച്ചപ്പോൾ

സിനിമയില്‍ ഇത്രയും വലിയ വിജയങ്ങള്‍ നേടിനില്‍ക്കുമ്പോള്‍, ജനസേവനത്തിനായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വിജയ് എടുത്ത തീരുമാനം വലിയൊരു പ്രചോദനമാണെന്ന് സാമന്ത അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് ആരാധകരുള്ള അദ്ദേഹം, സിനിമാ കരിയറിന്റെ ഉച്ചസ്ഥായിയില്‍ വെച്ച് രാഷ്ട്രീയത്തിലേക്ക് കാല്‍വെച്ചത് എളുപ്പമുള്ള കാര്യമല്ലെന്നും, എന്നാല്‍ വളരെ കൃത്യമായ സമയത്താണ് അദ്ദേഹം ആ തീരുമാനമെടുത്തതെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായ ഉടൻ, വിജയ്‌യെ സന്ദർശിച്ച സാമന്ത ഇൻസ്റ്റ​ഗ്രാമിൽ ചിത്രങ്ങൾക്കൊപ്പം ദീർഘമായ കുറിപ്പും പങ്കുവെച്ചിരുന്നു.

വിജയ്‌യും സാമന്തയും 'തെരി'യിൽ

രാഷ്ട്രീയത്തില്‍ സജീവമായ വിജയ് അടുത്തിടെയാണ് തന്റെ പാര്‍ട്ടിയായ 'തമിഴക വെട്രി കഴകം' രൂപീകരിച്ചതും തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതും. അവസാന ചിത്രമായ 'ജനനായകന്‍' റിലീസിന് ശേഷം പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിജയ്ക്ക് സിനിമാലോകത്തുനിന്നും രാഷ്ട്രീയത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.