'റൺ' പോസ്റ്റർ അറേഞ്ച്ഡ്
Tamil

മീര ജാസ്മിൻ-മാധവന്‍ ഹിറ്റ് 'റണ്‍' റീ-റിലീസ് മാറ്റി

പപ്പപ്പ ഡസ്‌ക്‌

മാധവനും മീര ജാസ്മിനും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ലിംഗുസാമി ചിത്രം 'റണ്‍' റീ-റിലീസ് നീട്ടിവച്ചു. ഏപ്രില്‍ 24-ന് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കളുടെതന്നെ മറ്റൊരു സിനിമയായ 'ശിവകാശി' അന്ന് റിലീസ് ചെയ്യുന്നതിനാലാണ് ഈ മാറ്റം.

പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംവിധായകന്‍ ലിംഗുസാമി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. 'ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമാണ് റണ്‍ റിലീസ് മാറ്റാന്‍ തീരുമാനിച്ചത്. നിര്‍മാതാക്കളുടെ തന്നെ ശിവകാശി ഏപ്രില്‍ 24-ന് റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് റണ്ണിനായി മറ്റൊരു ദിവസം കണ്ടെത്താന്‍ തീരുമാനിച്ചത്.'- ലിംഗുസാമി കുറിച്ചു.

'റൺ' സിനിമയിൽ മാധവനും മീരാ ജാസ്മിനും

ലിംഗുസാമിക്ക് തമിഴ് സിനിമയില്‍ വലിയ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു 2002-ല്‍ പുറത്തിറങ്ങിയ 'റണ്‍'. പഠനാവശ്യത്തിനായി ചെന്നൈയിലെത്തുന്ന ശ്രീരംഗം സ്വദേശിയായ ശിവയും (മാധവന്‍), ഗുണ്ടാനേതാവിന്റെ സഹോദരിയായ പ്രിയയും (മീര ജാസ്മിന്‍) തമ്മിലുള്ള പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണു സിനിമയുടെ ഇതിവൃത്തം. വിവേകിന്റെ കോമഡി രംഗങ്ങളും വിദ്യാസാഗര്‍ ഒരുക്കിയ ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. രഘുവരന്‍, അതുല്‍ കുല്‍ക്കര്‍ണി, അനു ഹാസന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

അടുത്തിടെ തെന്നിന്ത്യന്‍ സിനിമയില്‍ റീ-റിലീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന പശ്ചാത്തലത്തിലാണ് 'റണ്ണി'ന്റെയും തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുന്നത്. മാറ്റിവെച്ച റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.