'റൺ' സിനിമയിൽ മാധവനും മീരാ ജാസ്മിനും ഫോട്ടോ-അറേഞ്ച്ഡ്
Tamil

ചോരയിലെഴുതിയ പ്രണയത്തിലേക്ക് വീണ്ടുമൊരു 'റൺ'; റീ-റിലീസ് ജൂലായ് 10ന്

പപ്പപ്പ റിപ്പോര്‍ട്ടര്‍

രണ്ടായിരത്തിന്റെ തുടക്കത്തില്‍ തമിഴകത്ത് പ്രണയത്തിന്റെയും ആക്ഷന്റെയും പുതിയ തരംഗം സൃഷ്ടിച്ച ചിത്രമാണ് 'റണ്‍'. മാധവനെ ചോക്ലേറ്റ് ഹീറോ ഇമേജില്‍നിന്ന് മാസ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് ഉയര്‍ത്തിയ, ലിംഗുസാമി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം റിലീസ് ചെയ്ത് രണ്ട് പതിറ്റാണ്ടുകള്‍ക്കുശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജൂലായ് 10-ന് ചിത്രം വീണ്ടും വലിയ സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തും.

തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാധവന്‍ വിശേഷിപ്പിച്ച 'റണ്‍' (2002), പ്രണയവും കുടുംബബന്ധങ്ങളും അധോലോകവും പശ്ചാത്തലമാക്കിയ പെര്‍ഫെക്ട് കൊമേഴ്‌സ്യല്‍ പാക്കേജ് ആയിരുന്നു. ചെന്നൈ നഗരത്തിലെ കോളേജ് പശ്ചാത്തലത്തില്‍ ആരംഭിച്ച്, പിന്നീട് നഗരത്തിന്റെ ഇടനാഴികളിലെ ചോര ചിന്തുന്ന പോരാട്ടങ്ങളിലേക്ക് നീങ്ങുന്ന ശിവയുടെയും പ്രിയയുടെയും കഥ അക്കാലത്തെ യുവാക്കള്‍ ആവേശത്തോടെയാണ് നെഞ്ചിലേറ്റിയത്. മീര ജാസ്മിന്‍ എന്ന മലയാളി നായികയുടെ തമിഴകത്തെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിലും ചിത്രം വലിയ പങ്കുവഹിച്ചു.

'റൺ' പോസ്റ്റർ

മെലഡികളുടെ തമ്പുരാന്‍ വിദ്യാസാഗര്‍ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും സംഗീതപ്രേമികളുടെ പ്ലേലിസ്റ്റുകളില്‍ സജീവമാണ്. 'കാതല്‍ പിസാസേ...', 'ഇച്ചുതാ ഇച്ചുതാ...' തുടങ്ങിയ ഗാനങ്ങളും അവയുടെ ദൃശ്യാവിഷ്‌കാരവും തിയേറ്ററുകളില്‍ വീണ്ടും കാണാം എന്നത് ആരാധകര്‍ക്ക് ആവേശം പകരുന്നു.

തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച കോമഡി ട്രാക്കുകളില്‍ ഒന്നാണ് 'റണ്ണി'ലേത്. അന്തരിച്ച നടന്‍ വിവേകിന്റെ കോമഡിയും ചെന്നൈ നഗരത്തിലെ അദ്ദേഹത്തിന്റെ അതിജീവനശ്രമങ്ങളും ഇന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്. മാധവന്റെ അളിയനായി എത്തിയ രഘുവരനും,വില്ലന്‍ വേഷത്തില്‍ അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തിന് പകര്‍ന്നു നല്‍കിയ കരുത്ത് ചെറുതല്ല.

'റൺ' പോസ്റ്റർ

കഴിഞ്ഞ ഏപ്രിലില്‍ റീ-റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരുന്നു. പഴയകാല സിനിമാ ഓര്‍മകളിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി തിരുപ്പതി ബ്രദേഴ്‌സ് ആണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുന്നത്. പഴയ തലമുറയ്ക്ക് ഓര്‍മപുതുക്കാനും പുതിയ തലമുറയ്ക്ക്, ആ തിയേറ്റര്‍ അനുഭവം നേരിട്ടറിയാനും ഈ 'റണ്‍' മികച്ച അവസരമായിരിക്കും.