രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ പങ്കുവെച്ച 'ധർമൻ' അപ്ഡേറ്റ് വീഡിയോയിൽ നിന്ന് സ്ക്രീൻ​ഗ്രാബ്
Tamil

'സ്വാ​ഗ് മോഡ് ഓൺ'; 'ധർമൻ' സെക്കൻഡ് ഷെഡ്യൂൾ പൂർത്തിയായി

പപ്പപ്പ റിപ്പോര്‍ട്ടര്‍

തലൈവര്‍ രജനികാന്ത് നായകനാകുന്ന 'ധര്‍മന്‍' സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണം പൂര്‍ത്തിയായി. 'ഓ മൈ കടവുളേ', 'ഡ്രാഗണ്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്നറിന്റെ പുതിയ അപ്‌ഡേറ്റ് നിര്‍മാതാക്കളായ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഉലകനായകന്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 'ദ് ഡെഡ്ലി ഡോക്ടര്‍' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. സിമ്രാന്‍, റാഷി ഖന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കുന്നത്.

രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ പങ്കുവെച്ച 'ധർമൻ' അപ്ഡേറ്റ് വീഡിയോയിൽ നിന്ന്

ആക്ഷനും ത്രില്ലര്‍ ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമായിട്ടുണ്ട്. പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സിനിമയുടെ വരും ദിവസങ്ങളിലെ അപ്‌ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.