ആർ.മാധവൻ,ജി.ഡി.നായിഡുവായി മാധവൻ ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
Tamil

'ഇന്ത്യന്‍ എഡിസണ്‍' ആയി മാധവന്‍ 'ജിഡിഎന്‍' ജൂലായ് 17ന് റിലീസ്

പപ്പപ്പ ഡസ്‌ക്‌

തെന്നിന്ത്യന്‍ താരം ആര്‍. മാധവനെ കേന്ദ്രകഥാപാത്രമാക്കി, ശാസ്ത്രജ്ഞൻ ജി.ഡി.നായിഡുവിന്റെ ജീവിതകഥ പറയുന്ന 'ജിഡിഎന്‍' ജൂലായ് 17ന് തിയേറ്ററുകളിലെത്തും. ഇന്ന് ഉച്ചയ്ക്ക് 2.41-ന് ചിത്രത്തെക്കുറിച്ചുള്ള ബിഗ് അപ്ഡേറ്റ് പുറത്തുവന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡു എന്ന ജി.ഡി.നായിഡു 'ഇന്ത്യന്‍ എഡിസണ്‍' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

നായിഡുവിന്റെ ജീവിതം പ്രമേയമാകുന്ന 'ജിഡിഎന്‍' എന്ന ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാര്‍ രാമകുമാര്‍ ആണ്. ആൾക്കൂട്ടത്തിനുനടുവിൽ കൈകൂപ്പിനിൽക്കുന്ന മാധവന്റെ കഥാപാത്രത്തിന്റെ പോസ്റ്ററോടെയായിരുന്നു റിലീസ് പ്രഖ്യാപനം. ദുഷാര വിജയനെയും സത്യരാജിനെയും പോസ്റ്ററിൽ കാണാം.

'ജിഡിഎൻ' റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ

മാധവനൊപ്പം പ്രിയാമണി, ജയറാം, സത്യരാജ്, ദുഷാര വിജയന്‍, തമ്പി രാമയ്യ, വിനയ് റായ്, യോഗി ബാബു തുടങ്ങിയ തെന്നിന്ത്യയിലെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൊതുസേവനം, ശാസ്ത്ര സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ജി.ഡി. നായിഡു നല്‍കിയ സംഭാവനകള്‍ ഏറെ പ്രശസ്തമാണ്. അടുത്തിടെ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ ഒരു മേല്‍പ്പാലത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി ആദരിച്ചിരുന്നു.

'ജിഡിഎൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വര്‍ഗീസ് മൂലനും വിജയ് മൂലനും ചേര്‍ന്ന്, മാധവന്റെ ട്രൈ കളര്‍ ഫിലിംസുമായി സഹകരിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറഞ്ഞ 'റോക്കട്രി: ദ് നമ്പി ഇഫക്ട്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സും ട്രൈ കളര്‍ ഫിലിംസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

'ജിഡിഎൻ' ടൈറ്റിൽ പോസ്റ്റർ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വേറിട്ട ലുക്കിലായിരുന്നു മാധവന്‍ പ്രത്യക്ഷപ്പെട്ടത്. 'തീര്‍ച്ചയായും ജനങ്ങളിലേക്ക് എത്തിക്കേണ്ട ഒരു കഥ' എന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിച്ചത്. മലയാളി സംഗീതസംവിധായകന്‍ ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. വിദേശ രാജ്യങ്ങളിലുള്‍പ്പെടെയുള്ളയുള്ള ചിത്രീകരണം പൂര്‍ത്തിയാക്കി. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടി അണിയറപ്രവര്‍ത്തകര്‍ ആഘോഷമാക്കിയിരുന്നു.