രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് ഉലകനായകന്‍ കമല്‍ഹാസന്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി. ഇതിന്റെ ചിത്രങ്ങള്‍ കമല്‍ഹാസന്‍ തന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു. രാജ്യസഭ അംഗമായി തിരഞ്ഞെടുത്ത ഉത്തരവ് രജനികാന്തിനു സമര്‍പ്പിക്കുന്നതും ചിത്രത്തിലുണ്ട്. കമലിന് പൂച്ചെണ്ടായിരുന്നു രജനിയുടെ സമ്മാനം. ചെന്നൈ പോയസ്ഗാർഡനിലെ രജനിയുടെ വസതിയിലെത്തിയാണ് കമൽ അദ്ദേഹത്തെ സന്ദർശിച്ചത്.
രജനീകാന്തും കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. തന്റെ പ്രിയ സുഹൃത്തിന്റെ നേട്ടത്തില്‍ അദ്ദേഹം അഭിനന്ദനം അറിയിച്ചു. 'രാജ്യസഭാംഗമായി സ്ഥാനമേല്‍ക്കുന്ന എന്റെ പ്രിയ സുഹൃത്ത്... അദ്ദേഹത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍...' എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് രജനികാന്ത് കുറിച്ചത്. ഇരുവരുടെയും പോസ്റ്റുകള്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഏറ്റെടുത്തത്.
മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപകനാണ് കമല്‍ഹാസന്‍. തമിഴ്നാട്ടില്‍നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആറുപേരില്‍ ഒരാളാണ് അദ്ദേഹം. ജൂലായ് 25ന് കമല്‍ഹാസന്‍ രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യും.
ഏറെ വിവാദമായ തഗ് ലൈഫ് ആണ് കമല്‍ഹാസന്റെ അവസാനമായി തിയറ്ററുകളിലെത്തിയ ചിത്രം. കൂലിയാണ് രജനിയുടെ പുറത്തുവരാനുള്ള സിനിമ.