നയന്‍താരയും വിഘ്നേഷ് ശിവനും ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നു സ്ക്രീൻ​ഗ്രാബ്
Tamil

'എൽഐകെ' വിവാദങ്ങള്‍ക്കിടെ നയന്‍താരയും വിഘ്നേഷ് ശിവനും ചക്കുളത്തുകാവിൽ

പപ്പപ്പ റിപ്പോര്‍ട്ടര്‍

തന്റെ പുതിയ ചിത്രമായ 'ലവ് ഇന്‍ഷുറന്‍സ് കമ്പനി' (എല്‍ഐകെ) നേരിട്ട നെഗറ്റീവ് റിവ്യൂകൾക്കെതിരെ പ്രതികരിച്ച് വിവാദത്തിലായതിനു തൊട്ടുപിന്നാലെ, സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഭാര്യയും നടിയുമായ നയന്‍താരയും കേരളത്തില്‍ ക്ഷേത്രദര്‍ശനം നടത്തി. തിരുവല്ലയിലെ പ്രശസ്തമായ ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

നയന്‍താരയുടെ ജന്മനാടായ തിരുവല്ലയിലെ കുടുംബവീട് സന്ദര്‍ശിച്ച ശേഷമാണ് ദമ്പതികള്‍ ക്ഷേത്രദര്‍ശനം നടത്തിയത്. നയന്‍താര തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തിരുവല്ലയിലെ കുടുംബവീട്ടിലേക്ക് പോകുന്ന വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും ക്ഷേത്ര സന്ദര്‍ശന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ദമ്പതികളുടെ പേരും നക്ഷത്രവും രേഖപ്പെടുത്തിയ ക്ഷേത്രത്തിലെ വഴിപാട് രസീതും ഇതിനോടകം ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

നയന്‍താരയും വിഘ്നേഷ് ശിവനും ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നു

നെഗറ്റീവ് റിവ്യൂ കാരണമാണ് പലരും തിയേറ്ററില്‍ സിനിമ കാണാതിരുന്നതെന്നും, ബുദ്ധിജീവി ചമയാന്‍ വേണ്ടി മാത്രം എഴുതുന്ന ഇത്തരം റിവ്യൂകളാണ് സിനിമയുടെ പരാജയത്തിന് കാരണമെന്നും വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. 'സിനിമയെ വിലയിരുത്തുന്നതിനേക്കാള്‍, സ്വന്തം ബുദ്ധിശക്തിയും മേന്മയും കാണിക്കാന്‍ വേണ്ടി മാത്രം എഴുതപ്പെടുന്നതാണ് ഇത്തരം നെഗറ്റീവ് റിവ്യൂകള്‍' എന്നാണ് വിഘ്‌നേഷ് ശിവന്‍ എഴുതിയത്.

ല​വ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി'പോസ്റ്റർ

അതേസമയം, സിനിമയുടെ പരാജയത്തിന് പ്രേക്ഷകരെയും റിവ്യൂകളെയും കുറ്റപ്പെടുത്തിയ സംവിധായകന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് താരദമ്പതികളുടെ ക്ഷേത്രദര്‍ശനം.

2022-ല്‍ പുറത്തിറങ്ങിയ 'കാത്തുവാക്കുള്ള രണ്ട് കാതല്‍' എന്ന ചിത്രത്തിന് ശേഷം വിഘ്‌നേഷ് ശിവന്‍ സംവിധാനത്തിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് 'ലവ് ഇന്‍ഷുറന്‍സ് കമ്പനി'. പ്രദീപ് രംഗനാഥന്‍, എസ്.ജെ. സൂര്യ, കൃതി ഷെട്ടി, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ 'സാക്‌നില്‍ക്' നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ആഗോളതലത്തില്‍ 60 കോടി മാത്രമാണ് നേടിയത്. ഏറെ കൊട്ടിഘോഷിച്ചെത്തിയ ചിത്രം ബോക്‌സ്ഓഫീസില്‍ തകര്‍ന്നുവീഴുകയായിരുന്നു.