ദീപാവലി കുടുംബസമേതം തിയേറ്ററിൽ ആഘോഷിക്കാനായി പ്രേക്ഷകരെ ക്ഷണിച്ച് നയൻതാര നായികയാകുന്ന 'മൂക്കുത്തി അമ്മൻ 2- മഹാശക്തി'. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 6ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് ആണ് ചിത്രം നിർമിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിക്കുന്ന ഭാവന റിലീസാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രൗഢഗംഭീരമായ പ്രീ-റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ചടങ്ങിൽ സംവിധായകൻ സുന്ദർ സി ചിത്രത്തിന്റെ സാങ്കേതിക മികവിനെക്കുറിച്ചും കഥയുടെ പ്രത്യേകതകളെക്കുറിച്ചും സംസാരിച്ചു. ഏകദേശം 400 അംഗങ്ങൾ ഒന്നര വർഷത്തോളം രാവും പകലും അധ്വാനിച്ചാണ് ചിത്രത്തിന്റെ സിജിഐ(കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി) ജോലികൾ പൂർത്തിയാക്കിയതെന്നും 3,000ത്തിലധികം ഷോട്ടുകളിൽ സിജിഐ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിൽ വെറും 15 ഷോട്ടുകളിൽ മാത്രമാണ് എഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ചിട്ടുള്ളത്. സിനിമയുടെ പേര്, നിർമ്മാതാവ് ഇഷാരി ഗണേഷ്, നയൻതാര, ഉർവശി എന്നീ നാല് ഘടകങ്ങൾ മാത്രമാണ് ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും പൊതുവായുള്ളതെന്നും രണ്ടാം ഭാഗത്തിന്റെ കഥ തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ സംഗീത സംവിധായകൻ ഹിപ്പ് ഹോപ്പ് തമിഴാ ആദിയും പ്രീ-റിലീസ് ചടങ്ങിൽ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചു. ചിത്രത്തിൽ രണ്ട് സർപ്രൈസ് താരങ്ങൾ കൂടിയുണ്ടെന്നും അവരുടെ സാന്നിധ്യം പ്രേക്ഷകർക്ക് സിനിമയിൽ തന്നെ തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 20 മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്സിന് സംഗീതം ഒരുക്കിയത് വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണയായി സുന്ദർ സി ചിത്രങ്ങളിലെ ഗാനങ്ങൾ ശ്രദ്ധേയമാകാറുണ്ടെങ്കിലും ഈ ചിത്രത്തിൽ ഒരു ഗാനം മാത്രമാണ് നേരിട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ളവ മൊണ്ടാഷ് ട്രാക്കുകളായാണ് എത്തുന്നത്.
ഉർവശിയും ഖുശ്ബുവും ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് സംസാരിച്ചത്. അതിശയിപ്പിക്കുന്ന വിഎഫ്എക്സ്, സിജിഐ ദൃശ്യങ്ങൾ, കുടുംബവികാരങ്ങൾ, നർമം, വിനോദം എന്നിവ ഒത്തുചേരുന്ന ചിത്രമാണിതെന്ന് ഉർവശി അഭിപ്രായപ്പെട്ടു. റെജീന കസാൻഡ്രയുടെ കഥാപാത്രം പ്രേക്ഷകർക്ക് വലിയൊരു സർപ്രൈസ് ആയിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സുന്ദർ സി ഒരുക്കിയ മനോഹരമായ ഫാമിലി എന്റർടെയ്നറാണ് ചിത്രമെന്നും ഹിപ്പ് ഹോപ്പ് തമിഴാ ആദിയുടെ സംഗീതവും താരങ്ങളുടെ പ്രകടനവും മികച്ചതാണെന്നും ഖുശ്ബു പറഞ്ഞു. 'മൂക്കുത്തി അമ്മൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നെ ജനിച്ച താരമാണ് നയൻതാരയെന്നും കഥാപാത്രത്തോടുള്ള അവരുടെ സമർപ്പണവും പ്രൊഫഷണലിസവും ദൈവികമായ പ്രഭാവവും മറ്റാർക്കും അനുകരിക്കാനാവാത്തതാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.
തന്റെ സിനിമകളിൽ ലോജിക് അന്വേഷിക്കാതെ മാജിക് ആസ്വദിക്കാനാണ് പ്രേക്ഷകർ തയ്യാറാകേണ്ടതെന്നാണ് സുന്ദർ സി പറയുന്നത്. ആ പതിവ് ശൈലിയിൽ, ദൃശ്യവിസ്മയവും നർമ്മവും കുടുംബവിനോദവും കോർത്തിണക്കിയ മറ്റൊരു വിരുന്നായിരിക്കും ചിത്രമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.