എം.എസ്. സുബ്ബുലക്ഷ്മിയുടെ ബയോപിക്കിന്റെ പ്രഖ്യാപനച്ചടങ്ങിൽ കമൽഹാസനും രശ്മിക മന്ദാനയും ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Tamil

എം.എസ്. സുബ്ബുലക്ഷ്മിയുടെ ബയോപിക്കിന് തുടക്കം;വലിയ ഉത്തരവാദിത്തമെന്ന് രശ്മിക

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഭാരതരത്നം എം.എസ്. സുബ്ബുലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ബയോപിക്കിന്റെ പ്രഖ്യാപനം ചെന്നൈയിലെ മ്യൂസിക് അക്കാദമിയിൽ വികാരനിർഭരമായ ആഘോഷമായി മാറി. ഏറെ പ്രതീക്ഷയോടെ ഒരുങ്ങുന്ന പാൻ-ഇന്ത്യ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഞ്ചും സുബ്ബുലക്ഷ്മിയുടെ ജന്മവാർഷികദിനത്തിലായിരുന്നു.

രശ്മിക മന്ദാനയാണ് അനശ്വര​ഗായികയെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. അല്ലു അരവിന്ദ്, റോക്ക്ലൈൻ വെങ്കിടേഷ്, ബണ്ണി വാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഗൗതം തിന്നനൂരിയാണ് സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക്കും ഇന്ന് വൈകീട്ട് 5.15ന് പുറത്തിറക്കും.

എം.എസ്. സുബ്ബുലക്ഷ്മിയുടെ ബയോപിക്കിന്റെ പ്രഖ്യാപനച്ചടങ്ങിൽ കമൽഹാസൻ ആദ്യക്ലാപ് നല്കുന്നു

ഉലകനായകൻ കമൽഹാസൻ ചിത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയും രശ്മിക മന്ദാന അഭിനയിക്കുന്ന ആദ്യ രംഗത്തിന് ആദ്യ ക്ലാപ്പ് നൽകുകയും ചെയ്തു. ചിത്രത്തിന്റെ ലോഞ്ചിനിടെ സംസാരിച്ച രശ്മിക, എം.എസ്. സുബ്ബുലക്ഷ്മിയായി വേഷമിടാൻ അവസരം ലഭിച്ചത് അനുഗ്രഹമായും വലിയ ഉത്തരവാദിത്തമായുമാണ് കാണുന്നതെന്ന് പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മഹത്തായ സാംസ്കാരിക പ്രതിഭകളിലൊരാളായ എം.എസ്. സുബ്ബുലക്ഷ്മിയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഹൃദയം നിറയെ നന്ദിയും വിനയവുമാണെന്നും താരം പറഞ്ഞു.

എം.എസ്. സുബ്ബുലക്ഷ്മിയുടെ ബയോപിക്കിന്റെ പ്രഖ്യാപനച്ചടങ്ങിൽ രശ്മിക മന്ദാന

എം.എസ്. അമ്മയുടെ 110-ാം ജന്മവാർഷികദിനത്തിൽ അതേ വേദിയിൽ നിൽക്കാൻ കഴിഞ്ഞത് ആത്മീയമായ അനുഭവമായിരുന്നുവെന്നും രശ്മിക പറഞ്ഞു. ചിത്രത്തിന്റെ നിർമാണത്തിലുടനീളം ഇതിഹാസ ഗായികയുടെ അനുഗ്രഹം മുഴുവൻ ടീമിനും വഴികാട്ടിയാകുമെന്ന് താൻ വിശ്വസിക്കുന്നതായും താരം കൂട്ടിച്ചേർത്തു.

എം.എസ്. സുബ്ബുലക്ഷ്മിയുടെ ബയോപിക്കിന്റെ ടൈറ്റിൽ പ്രഖ്യാപനവിവരം അറിയിച്ചുള്ള പോസ്റ്റർ

ഇത്രയും അസാധാരണമായ ഒരു ജീവിതകഥയുടെ ഭാഗമാകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും രശ്മിക പറഞ്ഞു. കഥാപാത്രത്തിനായി തന്റെ നൂറുശതമാനവും നൽകുമെന്നും എം.എസ്. സുബ്ബുലക്ഷ്മിയെ പൂർണമായ ആത്മാർഥതയോടെ അവതരിപ്പിക്കുമെന്നും താരം ഉറപ്പുനൽകി. തലമുറകളിലുടനീളമുള്ള പ്രേക്ഷകർക്ക് തന്റെ പ്രകടനവുമായി ബന്ധപ്പെടാനും ബയോപിക്കിനെ സ്നേഹത്തോടെയും ആദരവോടെയും സ്വീകരിക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്നും രശ്മിക പറഞ്ഞു.