വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തി, ബോക്‌സ് ഓഫീസില്‍ കാലിടറിപ്പോയ 'മിസ്റ്റര്‍ എക്‌സ്' എന്ന ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സ്വയംവിമര്‍ശനവുമായി സംവിധായകന്‍ മനു ആനന്ദ്. ആര്യ, മഞ്ജു വാരിയര്‍, അതുല്യ രവി എന്നിവരെ അണിനിരത്തി മനു ആനന്ദ് ഒരുക്കിയ ബിഗ് ബജറ്റ് ആക്ഷന്‍ ഡ്രാമയ്ക്ക് തിയറ്ററുകളില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ, ചിത്രത്തിന്റെ വാണിജ്യപരമായ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വൈകാരികമായ കുറിപ്പിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍.
ഗൗതം വാസുദേവ് മേനോന്റെ മുന്‍ സഹായി കൂടിയായ മനു ആനന്ദിന്റെ വാക്കുകളില്‍ ഒരു സംവിധായകന്റെ ആത്മാര്‍ഥതയും സിനിമയോടുള്ള തികഞ്ഞ ആദരവും നിഴലിക്കുന്നുണ്ട്: 'മിസ്റ്റര്‍ എക്‌സ് എന്റെ പൂര്‍ണമായ ബോധ്യത്തില്‍നിന്ന് ജനിച്ച സിനിമയാണ്. മുഖ്യധാരാ സിനിമയുടെ എല്ലാ ആവേശവും നിലനിര്‍ത്തിക്കൊണ്ടുതന്നെ അല്പം വ്യത്യസ്തമായ ശൈലിയില്‍ ഒരു കഥ പറയാനുള്ള ശ്രമമായിരുന്നു അത്. ഒരു സിനിമ വാണിജ്യപരമായി പരാജയപ്പെടുമ്പോള്‍ അതിനുപിന്നില്‍ പല കാരണങ്ങള്‍ കണ്ടെത്താനായേക്കും. എന്നാല്‍ ആത്യന്തികമായി, ഈ ചിത്രത്തിന്റെ എഴുത്തുകാരനും സംവിധായകനും എന്ന നിലയില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. തികഞ്ഞ വിനയത്തോടെ ഞാന്‍ അത് അംഗീകരിക്കുന്നു. സിനിമ പ്രവചനാതീതമായ ഒരു മാധ്യമമാണ്. ഓരോ സിനിമയും നമ്മളെ കഥപറച്ചിലിനെക്കുറിച്ചും പ്രേക്ഷകരെക്കുറിച്ചും സമയത്തെക്കുറിച്ചും നമ്മളെക്കുറിച്ച് തന്നെയും ഒരുപാടു കാര്യങ്ങള്‍ പഠിപ്പിക്കും. എന്റെ കരിയറിലെ ഏറ്റവും വലിയ പാഠമായിരുന്നു മിസ്റ്റര്‍ എക്സ്.'
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്തത്. മികച്ച റിവ്യൂകളും പ്രേക്ഷക പ്രശംസയും പല കോണുകളില്‍നിന്നും തുടക്കത്തില്‍ ലഭിച്ചെങ്കിലും, കടുത്ത രാഷ്ട്രീയച്ചൂട് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെ ബാധിച്ചു. ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സാക്‌നിലിന്റെ കണക്കുകള്‍ പ്രകാരം 6.83 കോടി രൂപ മാത്രമാണ് ചിത്രത്തിന് തിയറ്ററുകളില്‍നിന്നു നേടാനായത്.
തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും, പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഡിജിറ്റല്‍ പ്രീമിയര്‍ ചെയ്തതിനു പിന്നാലെ ചിത്രത്തിനു വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒടിടിയിലെ മുന്നേറ്റം സംവിധായകനെന്ന നിലയില്‍ വലിയ ആശ്വാസവും കരുത്തും നല്‍കുന്നുണ്ടെന്നും മനു ആനന്ദ് പറഞ്ഞു.
'ഒടിടി റിലീസിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സിനിമയെയും താരങ്ങളുടെ പ്രകടനത്തെയും അഭിനന്ദിച്ച് നിരവധി സന്ദേശങ്ങളാണ് എന്നെ തേടിയെത്തുന്നത്. പ്രേക്ഷകര്‍ ഈ ചിത്രത്തെ നെഞ്ചിലേറ്റുന്നതും ചര്‍ച്ച ചെയ്യുന്നതും കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. ആത്മാര്‍ഥമായ കഥപറച്ചിലുകള്‍ എപ്പോഴെങ്കിലും പ്രേക്ഷകരിലേക്ക് എത്തിച്ചേരുമെന്നതിന് തെളിവാണിത്. ചിലപ്പോള്‍ അതു പെട്ടെന്നാകാം, ചിലപ്പോള്‍ പതുക്കെയാകാം'-മനു ആനന്ദ് കൂട്ടിച്ചേര്‍ത്തു.