മഞ്ജു വാരിയർ ഫോട്ടോ-അറേഞ്ച്ഡ്
Tamil

തമിഴക അവാർഡുകളിൽ തിളങ്ങി മലയാളതാരനിര; മഞ്ജുവും ലിജോമോളും അപർണയും മികച്ച നടിമാർ

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴ് ചലച്ചിത്ര ലോകത്തെ 2016 മുതല്‍ 2022 വരെയുള്ള ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ ഏറെ. ധനുഷ്, വിജയ് സേതുപതി, സൂര്യ തുടങ്ങിയ വന്‍നിരയ്‌ക്കൊപ്പം മഞ്ജു വാരിയരും സായ് പല്ലവിയും ലിജോമോളും പുരസ്‌കാര തിളക്കത്തില്‍. തമിഴ് സിനിമയുടെ കരുത്തും വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു പ്രഖ്യാപിക്കപ്പെട്ട ഓരോ പുരസ്‌കാരവും. ചെന്നൈയില്‍ നടന്ന പ്രഖ്യാപനത്തില്‍ ധനുഷ്, വിജയ് സേതുപതി, സൂര്യ, വിക്രം പ്രഭു, സായ് പല്ലവി തുടങ്ങിയവര്‍ പ്രധാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

തമിഴക പുരസ്‌കാരവേദിയില്‍ മലയാളത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. 2019-ലെ മികച്ച നടിക്കുള്ള പുരസ്‌കാരം 'അസുരന്‍' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രിയതാരം മഞ്ജു വാരിയര്‍ സ്വന്തമാക്കി. 2022-ലെ മികച്ച നടിയായി സായ് പല്ലവി (ചിത്രം: ഗാര്‍ഗി) തെരഞ്ഞെടുക്കപ്പെട്ടു. 2021-ലെ മികച്ച നടിക്കുള്ള പുരസ്‌കാരം 'ജയ് ഭീമി'ലൂടെ ലിജോമോള്‍ ജോസ് മലയാളമണ്ണിലേക്കെത്തിച്ചു. 2020-ല്‍ 'സൂരറൈ പോട്രു'വിലെ അഭിനയത്തിന് അപര്‍ണ ബാലമുരളിയും പുരസ്‌കാരം നേടി.

അപർണ ബാലമുരളി

ലോകേഷ് കനകരാജ് 2016-ല്‍ തന്റെ ആദ്യ ചിത്രമായ 'മാനഗര'ത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയപ്പോള്‍, 2022-ല്‍ എ.ആര്‍. റഹ്‌മാന്‍ (പൊന്നിയിന്‍ സെല്‍വന്‍) മികച്ച സംഗീത സംവിധായകനായി. വിക്രം വേദ, 96, കര്‍ണന്‍, ജയ് ഭീം തുടങ്ങിയ ജനപ്രിയ ചിത്രങ്ങളും വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.

ലിജോമോൾ ജോസ്

സിനിമയ്‌ക്കൊപ്പം തന്നെ 2014 മുതല്‍ 2022 വരെയുള്ള ടെലിവിഷന്‍ അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാധിക ശരത്കുമാര്‍, വാണി ഭോജന്‍ തുടങ്ങിയവര്‍ മിനിസ്‌ക്രീനിലെ മികച്ച പ്രകടനത്തിന് ആദരിക്കപ്പെട്ടു. ഫെബ്രുവരി 13-ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.