രജനികാന്തും ലതയും ഫോട്ടോ കടപ്പാട്-ഐഎംഡിബി
Tamil

'രജനിക്കെതിരായ ആരോപണങ്ങൾ വേദനിപ്പിക്കുന്നു...'-'ടിവികെ നേതാവിന്റെ പ്രസ്താവനയിൽ ലത

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൂപ്പര്‍താരം രജനികാന്തിനെതിരെ ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മറുപടിയുമായി രജനിയുടെ ഭാര്യ ലത രജനികാന്ത്. ആദവ് അര്‍ജുനന്റെ പ്രസ്താവനകള്‍ വാസ്തവവിരുദ്ധമാണെന്ന് തന്റെ ഭര്‍ത്താവ് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്ന് ലത പറഞ്ഞു. വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

'ആ പ്രസ്താവനകള്‍ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കിംവദന്തികള്‍ ആരും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആരെങ്കിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ സ്വാഭാവികമായും നമ്മളെ ബാധിക്കും'-ലത പറഞ്ഞു. തന്നെ പിന്തുണച്ചവര്‍ക്കും പ്രതിരോധിച്ചവര്‍ക്കും നന്ദി പറഞ്ഞ് രജനികാന്ത് നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു.

മാര്‍ച്ച് 12ന് നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെയാണ് ആദവ് അര്‍ജുനന്‍ വിവാദ പരാമര്‍ശം നടത്തിയത്. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരാന്‍ ആലോചിച്ചപ്പോള്‍ ഭരണകക്ഷിയായ ഡിഎംകെ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നും അതിന്റെ ഭാഗമായാണ് റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ അദ്ദേഹം വീണ്ടും സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതെന്നുമായിരുന്നു ആദവ് അര്‍ജുനന്റെ ആരോപണം.

രജനികാന്ത്

രജനികാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചും ലത വാചാലയായി. വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഈ കൂട്ടുകെട്ട് വലിയ ആവേശമാണ് നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു. 'ചിത്രത്തിന്റെ ഷൂട്ടിങ് എപ്പോള്‍ തുടങ്ങുമെന്ന് ഇപ്പോള്‍ കൃത്യമായി അറിയില്ല. എങ്കിലും ഈ സഹകരണം ഞങ്ങള്‍ക്ക് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണ്.'-ലത വ്യക്തമാക്കി. രജനികാന്തിന്റെ നീണ്ട സിനിമാജീവിതം ദൈവാനുഗ്രഹവും പ്രേക്ഷകരുടെ സ്‌നേഹവും അദ്ദേഹത്തിന്റെ കഠിനാധ്വാനവുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രജനികാന്തും കമൽഹാസനും 'ഇളമൈ ഊഞ്ഞാലാടുകിറുത്' എന്ന ചിത്രത്തിൽ

നെല്‍സന്റെ സംവിധാനത്തിലൊരുങ്ങുന്ന ജയിലര്‍ 2-ന്റെ ഷൂട്ടിങ് രജനികാന്ത് അടുത്തിടെ പൂര്‍ത്തിയാക്കി. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി സ്‌റ്റൈല്‍ മന്നന്‍ വീണ്ടും വെള്ളിത്തിരയിലെത്തും. തലൈവര്‍ 173 ആണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ആണ് നിര്‍മിക്കുന്നത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കമല്‍-രജനി കൂട്ടുകെട്ട് ആവേശത്തോടെയാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ കാത്തിരിക്കുന്നത്.