'കറുപ്പ്' ടീസറിൽ സൂര്യ സ്ക്രീൻ​ഗ്രാബ്
Tamil

'കറുപ്പ്' റിലീസ് പ്രതിസന്ധി; സൂര്യയ്ക്കും സംഘത്തിനും പിന്തുണയുമായി താരങ്ങള്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

വന്‍ ഹൈപ്പോടെ തിയറ്ററുകളില്‍ എത്താനിരുന്ന സൂര്യ ചിത്രം 'കറുപ്പി'ന്റെ റിലീസ് അപ്രതീക്ഷിതമായി മുടങ്ങി. ലോകമെമ്പാടുമുള്ള ഇന്നത്തെ ഷോ റദ്ദാക്കിയതോടെ തമിഴ് സിനിമാ മേഖലയിലെ പ്രമുഖര്‍ ചിത്രത്തിനു പിന്തുണയുമായി രംഗത്തെത്തി. ആര്‍ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായതില്‍ ആരാധകരും നിരാശയിലാണ്.

സൂര്യയും 'കറുപ്പും' അര്‍ഹിക്കുന്നത് ഗംഭീരമായ തിയറ്റര്‍ റിലീസ് ആണെന്ന് നടന്‍ ധനുഷ് കുറിച്ചു. പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. 'സിനിമ വലിയ സ്‌ക്രീനില്‍ അനുഭവിക്കേണ്ടതാണ്, എല്ലാം ഉടന്‍ ശരിയാകും' എന്നായിരുന്നു സംവിധായകന്‍ വെങ്കട്ട് പ്രഭുവിന്റെ പ്രതികരണം.

'കറുപ്പി'ൽ സൂര്യ

സൂര്യ സാറിനൊപ്പം പ്രതിസന്ധിഘട്ടത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആരും പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്നും നടനും സംഗീത സംവിധായകനുമായ ജി.വി. പ്രകാശ് കുമാര്‍ അഭ്യര്‍ഥിച്ചു. ചിത്രം എല്ലാ തടസങ്ങളും നീക്കി വലിയ വിജയമാകുമെന്ന് കാര്‍ത്തിക് സുബ്ബരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആര്‍.ജെ. ബാലാജിക്കും നിര്‍മാതാവ് എസ്.ആര്‍. പ്രഭുവിനും പിന്തുണയുമായി സം​ഗീതസംവിധായകൻ സന്തോഷ് നാരായണനും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു. സംവിധായകൻ ആർജെ ബാലാജിയുടെ കണ്ണീരോടെയുള്ള പ്രതികരണവീഡിയോക്ക്, ഒപ്പമുണ്ട് എന്ന പിന്തുണകമന്റുമായി ദുൽഖർ സൽമാൻ രം​ഗത്തുവരികയും ചെയ്തു.

'കറുപ്പി'ലെ 'ഗോഡ് മോഡ്' എന്ന ഗാനത്തിന്റെ ലിറിക്‌ വീഡിയോയിൽ സൂര്യ

റിലീസ് മുടങ്ങാനുണ്ടായ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, വരും ദിവസങ്ങളില്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ഡ്രാമ കാണാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്രാസ്വാദകര്‍.