'കറുപ്പ്' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Tamil

തമിഴകത്തെ ബോക്സ്ഓഫീസ് വരള്‍ച്ചയ്ക്ക് അറുതി; സൂര്യയുടെ 'കറുപ്പ്' കുതിപ്പ് തുടരുന്നു

പപ്പപ്പ ഡസ്‌ക്‌

തെന്നിന്ത്യന്‍ സിനിമാലോകത്ത് പുതിയ ചരിത്രം കുറിക്കുകയാണ് സൂര്യയുടെ 'കറുപ്പ്'. റിലീസ് ചെയ്ത് വെറും മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍, തമിഴ്നാട്ടില്‍നിന്നു മാത്രം 175 കോടി രൂപയുടെ കളക്ഷന്‍ എന്ന അത്യപൂര്‍വ നേട്ടത്തിലേക്ക് കുതിച്ചെത്തിക്കഴിഞ്ഞു ചിത്രം. ആര്‍.ജെ. ബാലാജി എന്ന ക്രാഫ്റ്റ്സ്മാന്റെ സംവിധാന മികവും സൂര്യ എന്ന ജനപ്രിയ താരത്തിന്റെ മാസും ചേര്‍ന്നപ്പോള്‍ തിയേറ്ററുകളില്‍ ജനസാഗരമാണ് ദൃശ്യമാകുന്നത്.

റിലീസ് ചെയ്ത് വെറും നാലു ദിവസത്തിനുള്ളില്‍ സൂര്യയുടെ തന്നെ കരിയറിലെ 13 വര്‍ഷം പഴക്കമുള്ള 'സിംഗം 2'-ന്റെ ലൈഫ് ടൈം കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്താണ് 'കറുപ്പ്' വേട്ട തുടങ്ങിയത്. പിന്നീട് 'മെര്‍സല്‍', 'പേട്ട', 'തുനിവ്' തുടങ്ങിയ മെഗാ ബഡ്ജറ്റ് ചിത്രങ്ങളുടെ ആഗോള കളക്ഷനെ നിഷ്പ്രഭമാക്കിക്കൊണ്ട് വെറും എട്ട് ദിവസം കൊണ്ട് ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു. തമിഴ്നാട്ടില്‍ മാത്രമല്ല, കേരളത്തിലും സൂര്യയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബിസിനസ് നേടുന്ന ചിത്രമെന്ന ഖ്യാതിയും ഇപ്പോള്‍ 'കറുപ്പി'നാണ്.

'കറുപ്പ്' സം​ഗീത സംവിധായകൻ സായ് അഭ്യങ്കർ സൂര്യ സമ്മാനിച്ച കാറിനരികെ

ചിത്രം തിയേറ്ററുകള്‍ കീഴടക്കുമ്പോള്‍ അതിന്റെ യഥാര്‍ഥ ശില്പികളെ മറക്കാന്‍ സൂര്യ തയാറായില്ല. സിനിമയുടെ ദൃശ്യ-ശ്രാവ്യ ഭംഗിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടെക്‌നീഷ്യന്മാര്‍ക്ക് വലിയൊരു സര്‍പ്രൈസാണ് താരം ഒരുക്കിയത്. ചിത്രത്തിന്റെ എഡിറ്റര്‍ കലൈവാണന്‍, ദൃശ്യങ്ങളാല്‍ വിസ്മയിപ്പിച്ച ഛായാഗ്രാഹകന്‍ ജി.കെ വിഷ്ണു, തകര്‍പ്പന്‍ ബാക്ക്ഗ്രൗണ്ട് സ്‌കോറിലൂടെ തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍ എന്നിവര്‍ക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ ലക്ഷ്വറി ഇലക്ട്രിക് മോഡല്‍ കാറുകളാണ് സൂര്യ സമ്മാനമായി നല്‍കിയത്.

'കറുപ്പ്' പോസ്റ്റർ

തങ്ങളെ കാത്തുരക്ഷിക്കുന്ന 'കറുപ്പസാമി' എന്ന കാവല്‍ദൈവത്തെ ഒരു സാധാരണ കുടുംബം ആപത്ഘട്ടത്തില്‍ വിളിച്ചപേക്ഷിക്കുന്നിടത്താണ് സിനിമയുടെ കഥ വികസിക്കുന്നത്. ഭൂമിയിലേക്കിറങ്ങി വരുന്ന ദൈവത്തിന്റെ വേഷത്തിലാണ് സൂര്യ സ്‌ക്രീനില്‍ നിറഞ്ഞാടുന്നത്. എന്നാല്‍ മനുഷ്യരുടെ കോടതിയും നിയമവ്യവസ്ഥയും അഴിമതിക്കാരായ ചില സ്വാര്‍ഥര്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്നതാണെന്ന് തിരിച്ചറിയുന്ന കറുപ്പ്, അവര്‍ക്കെതിരെ ആയുധമെടുക്കുന്നതും വ്യവസ്ഥിതിയെ തിരുത്തുന്നതുമാണ് സിനിമയുടെ തീം.

'കറുപ്പ്' സംവിധായകൻ ആർജെ ബാലാജി,ഛായാ​ഗ്രാഹകൻ ജി.കെ.വിഷ്ണു,സം​ഗീത സംവിധായകൻ സായ് അഭ്യങ്കർ എന്നിവർ സൂര്യയ്ക്കൊപ്പം

സൂര്യയ്ക്കൊപ്പം തമിഴകത്തിന്റെ ലക്കി ചാം തൃഷ വീണ്ടും ഒന്നിച്ച ചിത്രത്തില്‍ മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഇന്ദ്രന്‍സ്, സ്വാസിക, ശിവദ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. അനഘ മായ രവി, സുപ്രീത് റെഡ്ഡി, നട്ടി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. എന്നാല്‍ ചിത്രത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് വില്ലന്‍ കഥാപാത്രമാണ്. 'ബേബി കണ്ണന്‍' എന്ന ക്രൂരനായ വില്ലനായി സ്‌ക്രീനില്‍ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് കാഴ്ചവെച്ചിരിക്കുന്നത് സംവിധായകന്‍ ആര്‍.ജെ. ബാലാജി തന്നെയാണ്.

കഥ കൊണ്ടും മേക്കിങ് കൊണ്ടും തിയേറ്ററുകളില്‍ ആവേശം വിതറുന്ന 'കറുപ്പ്' വരും വാരങ്ങളിലും ബോക്സ് ഓഫീസ് ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുമെന്ന സൂചനയാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്നത്.