കാര്‍ത്തി-പി.എസ്. മിത്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സ്‌പൈ ത്രില്ലര്‍ 'സര്‍ദാര്‍ 2'വിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമെന്ന് സമൂഹമാധ്യമങ്ങള്‍. ആദ്യ ഭാഗത്തിന്റെ വിജയത്തിനു ശേഷം എത്തിയ രണ്ടാം ഭാഗത്തില്‍ കാര്‍ത്തിയുടെ പ്രകടനത്തിനും സംവിധായകന്‍ പി.എസ്. മിത്രന്റെ മേക്കിങ്ങിനും പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഇന്ത്യന്‍ ചാരനായ ചന്ദ്രബോസ് (സര്‍ദാര്‍), മകനും പോലീസുകാരനുമായ വിജയ് പ്രകാശ് എന്നീ രണ്ട് കഥാപാത്രങ്ങളായി കാര്‍ത്തി വീണ്ടുമെത്തുമ്പോള്‍, വില്ലന്‍ കഥാപാത്രമായ 'ബ്ലാക്ക് ഡാഗര്‍' ആയി എസ്.ജെ. സൂര്യയും ചിത്രത്തില്‍ തിളങ്ങുന്നുണ്ട്. മാളവിക മോഹനന്‍, ആഷിക രംഗനാഥ് എന്നിവര്‍ പുതിയതായി അഭിനയനിരയിലേക്ക് എത്തിയപ്പോള്‍ ആദ്യ ഭാഗത്തിലുണ്ടായിരുന്ന രജിഷ വിജയനും രണ്ടാം ഭാഗത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ആദ്യ പകുതിയും ഇന്റര്‍വല്‍ ബ്ലോക്കും മികച്ച രീതിയിലാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയും പശ്ചാത്തല സംഗീതവും ചിലയിടങ്ങളില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
ചിത്രം നല്‍കുന്ന ആശയവും കാര്‍ത്തിയുടെ അഭിനയവും മികച്ചതാണെങ്കിലും, സന്ദേശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയപ്പോള്‍ വിനോദാംശത്തിന് വ്യാപ്തി കുറഞ്ഞതായി ചില പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം എസ്.ജെ. സൂര്യയുടെ കഥാപാത്ര നിര്‍മിതിയിലെ ചില പോരായ്മകളും ക്ലൈമാക്സ് രംഗങ്ങളിലെ പശ്ചാത്തല സംഗീതവും വിമര്‍ശിക്കപ്പെടുന്നുണ്ട്.
എങ്കിലും സ്‌പൈ ത്രില്ലര്‍ വിഭാഗത്തോട് നീതി പുലര്‍ത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, കാര്‍ത്തിയുടെ മികച്ച പ്രകടനത്തിനായി തിയേറ്ററില്‍ തന്നെ കണ്ടിരിക്കാവുന്ന ഒന്നാണ് ചിത്രമെന്നുമാണ് ഭൂരിഭാഗം പ്രേക്ഷകരുടെയും അഭിപ്രായം.