കമൽഹാസൻ,വിജയ് ഫോട്ടോ കടപ്പാട്-വിക്കിപ്പീ‍ഡിയ
Tamil

'എനിക്ക് വേറെ ജോലിയുണ്ട്': വിജയ് മത്സരിക്കുന്നതിനെക്കുറിച്ച് കമല്‍ഹാസന്‍

പപ്പപ്പ റിപ്പോര്‍ട്ടര്‍

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയഗോദയില്‍ പോരാട്ടം മുറുകുമ്പോള്‍, നടന്‍ വിജയ്‌യുടെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയുമായി മക്കള്‍ നീതി മയ്യം അധ്യക്ഷനും തമിഴകത്തിന്റെ സൂപ്പര്‍താരവുമായ കമല്‍ഹാസന്‍. പെരമ്പൂരില്‍നിന്ന് വിജയ് മത്സരിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്, തനിക്ക് സ്വന്തം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താത്പര്യമെന്ന് ഉലകനായകന്‍ വ്യക്തമാക്കി.

'ഞാന്‍ എന്തിന് അതൊക്കെ ശ്രദ്ധിക്കണം...? എനിക്ക് വേറെ ഒരുപാട് ജോലികളുണ്ട്...' എന്നായിരുന്നു കമല്‍ഹാസന്റെ മറുപടി. ഡിഎംകെ സഖ്യവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് താരം നിലപാടു വ്യക്തമാക്കിയത്. ഏപ്രില്‍ 23ന് ആണ് തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.

കമൽഹാസൻ

രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വമ്പന്‍ പ്രോജക്റ്റുകളുടെ പണിപ്പുരയിലാണ് കമല്‍ഹാസന്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'KH x RK' എന്ന ചിത്രത്തിലൂടെ നീണ്ട 47 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനികാന്തും കമല്‍ഹാസനും വീണ്ടും ഒന്നിക്കുകയാണ്.

റെഡ് ജയന്റ് മൂവീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 'ജയിലറി'ന്റെ വന്‍ വിജയത്തിനുശേഷം നെല്‍സണ്‍ ഒരുക്കുന്ന ഈ ചിത്രം തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നാണ്. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് വീഡിയോ ആരാധകര്‍ ആഘോഷത്തോടെയാണ് ഏറ്റെടുത്തത്.

രജനികാന്തും കമൽഹാസനും

കമല്‍ഹാസന്റെ വരാനിരിക്കുന്ന മറ്റൊരു പ്രധാന ചിത്രം ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് സഹോദരങ്ങള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'KH 237' ആണ്. 'വിക്രം', 'കല്‍ക്കി 2898 AD', 'തഗ് ലൈഫ്' തുടങ്ങിയ ചിത്രങ്ങളിലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളിലൂടെ ശ്രദ്ധേയരായ അന്‍പറിവ് മാസ്റ്റേഴ്‌സ് കമലിനൊപ്പം ചേരുമ്പോള്‍ ഒരു പക്കാ ആക്ഷന്‍ വിരുന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.